കണ്ണൂര്‍: ഏച്ചൂര്‍ നളന്ദ കോളേജ് മലയാള വിഭാഗം സര്‍ഗവേദി കേരളപ്പിറവിയുടെ വാര്‍ഷകത്തോടനുബന്ധിച്ചും ഭാഷാദിനത്തിന്റെ ഭാഗമായും പൂമുഖപ്പടിയില്‍ കഥാകാരനൊപ്പം എന്ന പരിപാടി സംഘടിപ്പിക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ടില്‍ വിശ്രമിക്കുന്ന കഥാകാരന്‍ ടി.എന്‍.പ്രകാശിനൊപ്പമാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 1 ന് രാവിലെ 10 മണിക്ക് കഥാകാരന്റെ വലിയന്നൂരുളള വീട്ടില്‍ നടക്കുന്ന പരിപാടിയില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പള്‍ പി.ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും. കോളേജ് രക്ഷാധികാരി ടി.എം.ഹരീഷ്‌കുമാര്‍ കഥാകാരനെ ആദരിക്കും. വിദ്യാര്‍ത്ഥികളുടെ ഗുരുവന്ദനം പരിപാടിയില്‍ ടി.എന്‍.പ്രകാശിന്റെ കഥകളുടെ അവതരണം, കഥാ ചര്‍ച്ച, കവിതാലാപനം എന്നിവയും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി.ലക്ഷ്മണന്‍, ഡയരക്ടര്‍ കെ.പ്രകാശന്‍, പി.ശൈലജ, പി.വി.സുനില്‍ കുമാര്‍, കണ്ണൂര്‍ രത്‌നകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















