അഹമ്മദാബാദ്: ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന് അവകാശപ്പെട്ട് വിവാദമുണ്ടാക്കിയ നരേന്ദ്ര പട്ടേല്‍ വെട്ടില്‍ ചാടി. സൂററ്റിലെ സമ്മേളനത്തില്‍ അമിത് ഷാക്കെതിരെ മുദ്രവാക്യം വിൡക്കാന്‍ തനിക്ക് പതിനായിരം രൂപ വാഗ്ദാനം ചെയ്‌തെന്ന് ഇയാള്‍ മറ്റൊരാളോട് പറയുന്നതിന്റെ ശബ്ദ രേഖ പുറത്തായി.
ശബ്ദ രേഖയില്‍ ഇയാള്‍ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത്‌സിങ്ങ് സോളങ്കിയുടെയുംകോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ വലംകൈയായ അഹമ്മദ് പട്ടേലിന്റെയും പേര് പരാമര്‍ശിക്കുന്നതും കേള്‍ക്കാം. സംഭവം വിവാദമായതോടെ ശബ്ദരേഖയിലെ ശബ്ദം തന്റേതല്ലെന്ന വാദമുയര്‍ത്തുകയാണ് ഇയാള്‍. ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തലയൂരാനാണ് സോളങ്കിയുടെ ശ്രമം.
ശബ്ദരേഖയില്‍ നരേന്ദ്ര പട്ടേല്‍ പറയുന്നു: ”എനിക്ക് നല്‍കിയ പണം മുഴുവന്‍ സമ്മേളനത്തില്‍ ചെലവഴിക്കാനായിരുന്നു നിര്‍ദ്ദേശം. എനിക്ക് പണം നല്‍കിയയാള്‍ പറഞ്ഞത് ഞാന്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിക്കണമെന്നാണ്. ഞാനും അതുലും(പട്ടേലിന്റെ സൃഹൃത്ത്) സോളങ്കിയുടെ മുറിയില്‍ ഇരിക്കുകയായിരുന്നു. പട്ടേലുമാര്‍ പണം തന്ന് സഹായിക്കുന്നത് നിര്‍ത്തി, പണം സംഭരിച്ച് ഞങ്ങളും മടുത്തു. കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്യണം. ഞങ്ങള്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. ചര്‍ച്ച നടക്കുമ്പോള്‍ മെഹ്‌സാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജീവഭായ് കയറിവന്നു. സോളങ്കി ജീവഭായിയോട് കയര്‍ത്തു. അപ്പോള്‍ ജീവഭായി പറഞ്ഞു, അഹമ്മദ് പട്ടേല്‍ പറഞ്ഞ പ്രകാരം ഞാന്‍ പത്തു ലക്ഷം രൂപയാണ് ചില സ്ത്രീകള്‍ക്ക് നല്‍കിയതെന്ന്. പാസിലെ (ഇവരുടെ സംഘടന) മറ്റു ചിലര്‍ക്ക് പണം നല്‍കിയതില്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. ഇക്കാര്യത്തില്‍ പത്രസമ്മേളനം വിളിക്കുമെന്ന് ഞാന്‍ മുന്നറിയിപ്പും നല്‍കി. അതിനു ശേഷം ഹാര്‍ദ്ദിക് പട്ടേല്‍ വിളിച്ച് വേണ്ടാത്ത വിഷയങ്ങളില്‍ തലയിടരുതെന്ന് പറഞ്ഞു. പിന്നെ ഞാന്‍ അതില്‍ ഇടപെട്ടില്ല.”
അമിത്ഷാക്കെതിരെ മുദ്രാവാക്യം മുഴക്കാന്‍ പണം നല്‍കിയെന്ന ശബ്ദരേഖ ഗുജറാത്തില്‍ കത്തിപ്പടര്‍ന്നിട്ടുണ്ട്.
















