ന്യൂദൽഹി: ചൈനയുമായിട്ടുള്ള വ്യാപാര വ്യവസായ ഇടപാടുകളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി മാറ്റം വരുത്തേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ‘സ്വദേശി ജാഗരൺ മഞ്ച്. ആർഎസ്എസിന്റെ സാമ്പത്തിക വിഭാഗമാണ് സ്വദേശി ജാഗരൺ മഞ്ച്.
കഴിഞ്ഞ ഒരു വർഷക്കാലമായി ചൈനീസ് വ്യാപാര നടപടികൾക്കും ചൈനീസ് ഉത്പന്നങ്ങൾക്കുമെതിരെ ശക്തമായ രീതിയിൽ പ്രതിഷേധം നടത്തിവരുകയാണ് സ്വദേശി ജാഗരൺ മഞ്ച്. ചൈനീസ് ഉത്പന്നങ്ങൾക്ക് പുറമെ രാജ്യത്തിലെ വിദേശ നിക്ഷേപങ്ങളിലെ ചില നയങ്ങൾക്കെതിരെയും സംഘടന ശക്തമായി നിലകൊള്ളുകയാണ്.
രാജ്യത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ, കമ്പനികൾ, തൊഴിലാളികൾ, കർഷകർ തുടങ്ങി ലക്ഷക്കണക്കിനാളുകൾ സംഘടനയ്‌ക്ക് പിന്തുണ നൽകുന്നുണ്ട്. രാജ്യത്തിലെ ഇടത്തരം കച്ചവടക്കാർക്കും കമ്പനികൾക്കുമായി ശബ്ദിക്കുന്ന എസ്‌ജെഎം ഇവർക്കായി പുത്തൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
ചൈനയിൽ നിന്നും വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ ഇന്ത്യയുടെ ഉല്‍പാദന മേഖലയെ വൻ തോതിൽ ദോഷകരമായി ബാധിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ നിന്നുമുള്ള സോളാർ ഉത്പന്നങ്ങൾക് പ്രധാനമായും വിലക്കേർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ഇതിനായി നിവേദനപത്രം സംഘടന കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിൽ നിന്നും നിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നതെന്നും സംഘടന ആരോപിക്കുന്നു.
















