ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്താന്‍ നിശ്ചയിച്ച സമരം മാറ്റിവച്ചു. പട്ടയ പ്രശ്‌നം മുന്‍നിര്‍ത്തിയാണ് സമരത്തിനൊരുങ്ങിയത്. കേരളപ്പിറവി ദിനത്തില്‍ ഇടുക്കി കളക്ടേറ്റ് ഉപരോധിക്കാനാണ് തീരുമാനിച്ചിരുന്നത്. മുന്നൊരുക്കങ്ങള്‍ക്കായി ഇന്നലെ വൈകിട്ട് കട്ടപ്പനയില്‍ സമിതി യോഗം ചേര്‍ന്നിരുന്നു.
സമിതി മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ഗസറ്റ് വിജ്ഞാപനത്തിന്റെ കോപ്പി സര്‍ക്കാര്‍ പ്രതിനിധികള്‍ യോഗത്തിന് മുന്നിലെത്തിച്ചതിനാലാണ് സമരം മാറ്റിവച്ചതെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിലും സമിതിക്ക് എതിര്‍പ്പുണ്ട്. കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് മാപ്പ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് കസ്തൂരിരംഗന്‍ വിഷയത്തിലും കേരള സര്‍ക്കാരിനെതിരെ മാത്രമെ നിലപാടെടുക്കാന്‍ കഴിയൂ. കൃഷിയിടങ്ങളുടെയും ജനവാസ മേഖലയുടെയും മാപ്പ് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കാത്തതാണ് അന്തിമ വിജ്ഞാപനം വൈകാന്‍ കാരണമെന്ന് സമിതിക്കറിയാം.
പത്ത് ചെയിന്‍ മേഖലയില്‍ മൂന്നു ചെയിന്‍ ഒഴിവാക്കി പട്ടയം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനവും സമതിയുടെ നിലപാടിനേറ്റ പ്രഹരമാണ്.
മൂന്ന് ചെയിന്‍ മേഖലയെ പട്ടയ വിതരണത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സമിതി നടത്തിയ പ്രതിഷേധ യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. കളക്ട്രേറ്റ് ഉപരോധം ഉപേക്ഷിച്ചതിനെ ചൊല്ലി സമിതിക്കുള്ളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
















