അടിമാലി(ഇടുക്കി): അടിമാലി പഞ്ചായത്ത് ഓഫീസിന് സമീപത്ത് തകര്‍ന്ന നിലയിലായിരുന്ന ഗാന്ധി പ്രതിമ നവീകരിച്ചത് ആരാണെന്ന് അറിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇങ്ങനെയൊരു മറുപടി. അടിമാലി പുത്തന്‍പുരയ്‌ക്കല്‍ ഹരിക്കുട്ടന്‍ സെപ്റ്റംബര്‍ 16ന് നല്‍കിയ വിവരാവകാശത്തിനാണ് വിചിത്രമായ മറുപടി.
2014-2015ല്‍ അടിമാലി പഞ്ചായത്ത് ഏഴ് ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചു. പ്രതിമയ്‌ക്ക് ഗാന്ധിജിയുടെ സാദൃശ്യമില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു. ഇതോടെ അന്ന് ഇത് പൊളിച്ച് വീണ്ടും നിര്‍മ്മിച്ചു.ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രതിമ ഭാഗികമായി തകര്‍ന്നു. എന്നാല്‍ ഇത് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതാണെന്ന് കാണിച്ച് പഞ്ചായത്ത് പോലീസില്‍ നല്‍കി.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ അന്ന് രാത്രിയില്‍ തന്നെ പ്രതിമയുടെ പൊട്ടിയ ഭാഗങ്ങള്‍ നന്നാക്കി പെയിന്റിങ്ങ് നടത്തി. പഞ്ചായത്താണ് പ്രതിമ നന്നാക്കിയതെന്ന് നാട്ടുകാര്‍ കരുതി. വിവരാവകാശ രേഖ പ്രകാരം ഈ നിര്‍മ്മാണം നടത്തിയത് ആരാണെന്ന് പഞ്ചായത്ത് സെക്രട്ടരിക്ക് പോലും അറിയില്ല എന്നതാണ് സ്ഥിതി.
















