പത്തനാപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ ലക്ഷക്കണക്കിന് രൂപയുടെ അരിയും ഗോതമ്പും കെട്ടിക്കിടന്നുനശിക്കുന്നു. പത്തനാപുരം ജനതാ ജങ്ഷനിലെ താലൂക്ക് റേഷന്‍ സബ് ഡിപ്പോയിലാണ് 150 ടണ്ണോളം പച്ചരി, ഗോതമ്പ്, പുഴുക്കലരി, വെളളയരി എന്നിവ പുഴുവരിച്ച് നശിച്ചത്.
ഇവ വിതരണം ചെയ്യുന്നതിനെതിരെ ഡിപ്പോയിലെ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ജില്ലയില്‍ ആദ്യം ആരംഭിച്ച ഡിപ്പോയാണ് പത്തനാപുരത്തേത്.
രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് ഡിപ്പോയുടെ പ്രവര്‍ത്തനം കുന്നിക്കോടുളള രാഷ്‌ട്രീയ നേതാവിന്റെ ഗോഡൗണിലേക്ക് താല്‍കാലികമായി മാറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പത്തനാപുരത്തെ ഗോഡൗണിലേക്ക് തിരിഞ്ഞുനോക്കാതായി. മുന്നറിയിപ്പില്ലാതെ ഗോഡൗണ്‍ മാറ്റുന്നതിനെതിരെ തൊഴിലാളികള്‍ ഹൈക്കോടതിയില്‍ കേസും നല്‍കിയിരുന്നു.
പുതിയതായി എത്തുന്ന ഭക്ഷ്യലോഡുകള്‍ കുന്നിക്കോട്ടെ ഗോഡൗണില്‍ ഇറക്കുകയും മാസങ്ങളായി പത്തനാപുരത്ത് സൂക്ഷിച്ചിരുന്ന പച്ചരി, ഗോതമ്പ് എന്നിവ വിതരണം ചെയ്യാതിരുന്നതുമാണ് പുഴുവരിച്ച് നശിച്ചുപോകാന്‍ കാരണം.
കെട്ടിക്കിടന്ന് പുഴുവരിച്ച ഭക്ഷ്യധാന്യങ്ങള്‍ വീണ്ടും കൊണ്ടുപോകാനുളള ശ്രമം നാട്ടുകാരും തൊഴിലാളികളും തടഞ്ഞു. പ്രതിഷേധം ഭയന്ന് കളക്ടറുടെ ഉത്തരവുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യമാണ് പത്തനാപുരത്ത് ഗോഡൗണ്‍ ആരംഭിച്ചത്.
















