തിരുവനന്തപുരം: ലോകത്ത് സാന്ത്വനചികിത്സ ആവശ്യമുള്ള രോഗികളില്‍ ആറിലൊന്നുപേര്‍ ഇന്ത്യയിലാണെന്ന് ആരോഗ്യപ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റ്’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഒക്ടോബര്‍ 14ന് ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ചാണ് ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട്. 25 രാജ്യങ്ങളില്‍ നിന്നുള്ള 61 എഴുത്തുകാരടങ്ങിയ കമ്മീഷന്‍ ഓണ്‍ ഗ്ലോബല്‍ ആക്‌സസ് ടു പാലിയേറ്റീവ് കെയര്‍ ആന്‍ഡ് പെയിന്‍ റിലീഫ് ആണ് പഠനം നടത്തിയത്. കേരളത്തില്‍ നിന്നുള്ള പാലിയേറ്റീവ് കെയര്‍ വിദഗ്‌ദ്ധനും പാലിയം ഇന്ത്യ ചെയര്‍മാനുമായ ഡോ. എം. ആര്‍. രാജഗോപാല്‍ സംഘത്തിലെ അഞ്ച് പ്രധാനികളില്‍ ഒരാളാണ്.
25 ലക്ഷം കുട്ടികളുള്‍പ്പെടെ സാന്ത്വന ചികിത്സ ആവശ്യമുള്ള രണ്ടര കോടിയിലേറെ ആളുകള്‍ ഓരോ വര്‍ഷവും ലോകത്തിന്റെ പല ഭാഗങ്ങളിലായി മരിക്കുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മാത്രമേ ചെറിയതോതിലെങ്കിലും വേദനപരിഹാരവും സാന്ത്വനചികിത്സയും ലഭ്യമാകുന്നുള്ളുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2012ല്‍ ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സാന്ത്വന ചികിത്സാ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വകയിരുത്തിയ തുകയുടെ അപര്യാപ്തത മൂലം ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായില്ല. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ കര്‍ക്കശവ്യവസ്ഥകളില്‍ 2014ല്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടും ഇതാണ് സ്ഥിതിയെന്ന് ഡോ. രാജഗോപാല്‍ പറയുന്നു. ഇന്ത്യയിലൊരിടത്തും മെഡിക്കല്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ സാന്ത്വന ചികിത്സയിലേയും വേദന കൈകാര്യം ചെയ്യുന്നതിലേയും അടിസ്ഥാന കാര്യങ്ങള്‍പോലും പഠിപ്പിക്കുന്നില്ല.
ലോകത്ത് വിതരണം ചെയ്യുന്ന വേദനയ്‌ക്കുള്ള വിലകുറഞ്ഞ മരുന്നായ മോര്‍ഫിന്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഏറ്റവും അധികം ആവശ്യക്കാരുള്ള, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്കെത്തുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വേണ്ടത്ര പ്രതിരോധവും പരിചരണവും ചികിത്സയും നല്‍കിയാല്‍ സാന്ത്വന ചികിത്സ ലഭിക്കാതെ മരിക്കുന്നവരില്‍ 80 ശതമാനത്തിന്റെയും മരണം തടയാനാകും. ലോകത്ത് വേദന അനുഭവിക്കുന്നവരില്‍ 84 ശതമാനവും ക്യാന്‍സര്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരും ഉള്‍പ്പെടുന്ന സാന്ത്വന ചികിത്സാ സേവനത്തിന് ആഗോളതലത്തില്‍ സ്വീകരിക്കാവുന്ന ഒരു മാതൃകയ്‌ക്കും പഠനം രൂപംകൊടുത്തിട്ടുണ്ട്. ചികിത്സേതര ആവശ്യങ്ങള്‍ക്കല്ലാതെ ചികിത്സക്കായി ഒപ്പിയോയിഡുകള്‍ ലഭ്യമാക്കാന്‍ ആഗോളനയരൂപീകരണം ആവശ്യമാണെന്നും പഠനം പറയുന്നു.
















