കോട്ടയം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃനിര കുറ്റവാളികളുടെ പട്ടികയിലിടം പിടിച്ചതോടെ പി.ടി ചാക്കോയുടെ ആത്മാവിന് നീതി കിട്ടിയെന്ന് പി.സി. ജോര്‍ജ് എംഎല്‍എ.
63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോയെന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെക്കാള്‍ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെപിസിസി അംഗത്തോടൊപ്പം കാറില്‍ യാത്ര ചെയ്തതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസ്സിലെ ഒരുപറ്റം നേതാക്കളും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്ത് അവഹേളിച്ചു. ‘പീച്ചി സംഭവമെന്ന്’ പേരിട്ട് നാണംകെടുത്തി. മന്ത്രി സ്ഥാനവും രാഷ്‌ട്രീയവും ഉപേക്ഷിച്ച അദ്ദേഹം അപമാന ഭാരത്തോടെയാണ് ലോകത്തോട് വിട പറഞ്ഞത്.
അന്ന് അദ്ദേഹത്തെ അവഹേളിച്ച നേതാക്കന്മാരുടെ പാര്‍ട്ടി ഇപ്പോള്‍ സരിതയെന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. വിധിയാണിത്, ദൈവഹിതവും ശാപവും തടുത്തു നിര്‍ത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയക്കുന്ന നീതിയും. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും. പി.ടി.ചാക്കോയുടെ ആത്മാവിന് കാലം കരുതിവച്ച നീതി ഇപ്പോള്‍ ലഭ്യമായിരിക്കുന്നെന്നും ജോര്‍ജ് പറഞ്ഞു.
















