കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെ മുന്‍ പിഎസ്‌സി ചെയര്‍മാനും എഴുത്തുകാരനുമായ ഡോ. കെ. എസ്. രാധാകൃഷ്ണന്‍. ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്. സിപിഎമ്മുകാര്‍ക്ക് എന്നാണ് ഗാന്ധിജിയോട് ആദരവ് തോന്നിയതെന്ന് ചോദിക്കുന്ന അദ്ദേഹം കമ്മ്യൂണിസ്റ്റുകളുടെ ഗാന്ധിവിരോധം എണ്ണിയെണ്ണി പറയുന്നുമുണ്ട്. കമ്മ്യൂണിസ്റ്റുകാരും മഹാത്മാഗാന്ധിയും പരസ്പര ബഹുമാനത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നുതെന്ന് ഗാന്ധി ജയന്തിക്ക് എം.എ.ബേബി എഴുതിയതിനുള്ള മറുപടിയാണ് രാധാകൃഷ്ണന്റെ ലേഖനം.
രണ ദിവേയയും ഡാങ്കെയും അടക്കം നിരവധി കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഭരണകൂടത്തോട് താണുവീണപേക്ഷിച്ച് ജയില്‍ മോചനം നേടിയിരുന്നതായും രാധാകൃഷ്ണന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1942 ജൂലൈ 6 മുതല്‍ 14വരെ ചേര്‍ന്ന വാര്‍ദ്ധാ എഐസിസിയാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം രൂപീകരിച്ചത്. ആഗസ്റ്റ് എട്ടിന് പ്രമേയം പാസ്സാക്കി. ആഗസ്റ്റ് ഒന്‍പതിന് ഗാന്ധിജിയും മറ്റു നേതാക്കളും അറസ്റ്റിലായി. ആ അറസ്റ്റ് ഇന്ത്യയെ ഇളക്കി മറിച്ചു. ഇന്ത്യന്‍ ജനത ബ്രിട്ടീഷുകാരോട് ഇറങ്ങിപ്പോകാന്‍ ആജ്ഞാപിച്ചു.
പക്ഷെ അന്നും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ സഹായികള്‍ ഉണ്ടായിരുന്നു; ചില രാജാക്കന്‍മാരും കമ്മ്യൂണിസ്റ്റുകളും ബ്രിട്ടീഷ് ഗവണ്‍മെന്റിനെയും സാമ്രാജ്യത്തേയും സഹായിക്കാന്‍ വേണ്ടി തങ്ങളുടെ നേതാക്കളെ ജയില്‍ മോചിതരാക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷുകാരോട് താണുവീണ് അപേക്ഷിച്ചു. അതിന്റെ ഫലമായി 1942 ജനുവരി 25നും മാര്‍ച്ച് 11നുമിടയില്‍ നിരവധി പേര്‍ ജയിലുകളില്‍ നിന്നും മോചിതരായി. സുനില്‍ മുഖര്‍ജി, രാഹുല്‍ സാംകൃത്യായന്‍ (ഹസാരിബാഗ് ജയില്‍) സജ്ജദ് സാഹിര്‍ (ലക്നൗ) എ.കെ.ഘോഷ്, ആര്‍. സി. ദരദ്വാജ്, രമേഷ് ചന്ദ്രസിന്‍ഹ, സി. എന്‍. മജുംദാര്‍, എച്ച്. ഡി. മാളവ്യ (ബറേലി സെന്‍ട്രല്‍ ജയില്‍) എസ്. എ. ഡാങ്കേ, സോളി എസ്. ബട്‌ലിവാല, ബി. ടി. രണദിവെ, എന്‍. ജീവാത്കര്‍, എന്‍. എസ്. മാറാജ്കര്‍ (യര്‍വാദ സെന്‍ട്രല്‍ ജയില്‍) എസ്. വി. ഘാട്ടെ, എന്‍. കെ. അയ്യങ്കാര്‍ (വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍) എന്നിവരാണ് ഇങ്ങനെ മോചനം നേടിയത്.
രാധാകൃഷ്ണന്‍ തുടരുന്നു; കമ്മ്യൂണിസ്റ്റുകാരും മഹാത്മാഗാന്ധിയും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഇക്കൊല്ലത്തെ ഗാന്ധി ജയന്തിക്ക് സഖാവ് എം. എ. ബേബി എഴുതി, ഗാന്ധിജി കമ്മ്യൂണിസ്റ്റുകാരെ ബഹുമാനിച്ചിരുന്നു എന്നത് സത്യമാണ്.
എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക,് അവരോട് വിയോജിക്കുന്നവരോട് ബഹുമാനം ഉണ്ടായിരുന്നു എന്നു പറയുന്നത് കടന്ന കൈയ്യാണ്. കമ്മ്യൂണിസം നടപ്പാക്കാന്‍ ശ്രമിച്ച സഖാവ് ലെനിന്‍ മുതല്‍ സകല നേതാക്കളും വിയോജിക്കുന്നവരെ വര്‍ഗവഞ്ചകര്‍ എന്നു മുദ്രകുത്തി വകവരുത്തിയിട്ടും ഉണ്ട്. സഹിഷ്ണുത, ജനാധിപത്യം, സഹകരണം, സമാധാനം എന്നെല്ലാം സഖാക്കള്‍ ഇന്ത്യയില്‍ പറയുന്നത് നിവൃത്തികേടുകൊണ്ടാണ്.
ഗാന്ധിജിയെ ഇന്ത്യന്‍ ബൂര്‍ഷ്വാകളുടെ കൗശലക്കാരനായ നേതാവ് എന്നാണ് 1940ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചെരുപ്പുനക്കി, അപ്രസക്തനായ നിന്ദാഹന്‍, കുരുടന്‍ മിശിഹ, ശത്രുവിന് മുന്‍പില്‍ ദണ്ഡനമസ്‌കാരം ചെയ്തു കീഴങ്ങുന്ന ഭീരു … എന്നീ വിശേഷണങ്ങള്‍ കൊണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കാലത്ത് ഗാന്ധിജിയെ ബഹുമാനിച്ചിരുന്നു. ഗാന്ധിജി കാപട്യക്കാരനാണെന്നും, ഗാന്ധിസം ജീര്‍ണ്ണിച്ചു എന്നു പറയാനും കമ്മ്യൂണിസ്റ്റുകാര്‍ക്ക് മടിയുമുണ്ടായിരുന്നില്ല. ബേബിയുടെ വാദങ്ങളെ തെളിവു സഹിതം ഖണ്ഡിച്ച് അദ്ദേഹം പറഞ്ഞു.
















