തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ് അച്യുതാനന്ദന്‍. കുഴപ്പക്കാരായ ഇവരെല്ലാവരും ചേരുന്നതാണ് സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വം. അങ്ങനെയുള്ളവര്‍ പൊതുപ്രവര്‍ത്തകരായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് യുഡിഎഫ് പിരിച്ചുവിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇനിയും മുട്ട് ന്യായങ്ങള്‍ പറഞ്ഞ് പൊതുരംഗത്ത് കടിച്ചുതൂങ്ങാന്‍ ഇവരെ കേരള സമൂഹം അനുവദിക്കാന്‍ പാടില്ലെന്നും വിഎസ് പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിനും സംസ്കാരത്തിനും തീരാക്കളങ്കമുണ്ടാക്കുന്ന നടപടികള്‍ ഉമ്മന്‍ചാണ്ടിയും നേതാക്കളും നടത്തി എന്നാണ് കമ്മീഷന്റെ കണ്ടെത്തിയിരിക്കുന്നത്. അഴിമതി, സദാചാരവിരുദ്ധ പ്രവര്‍ത്തനം, അതുവഴി സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു സാധാരണ പൗരന്‍ പോലും നടത്താന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് ഇവര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നും വിഎസ് പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റക്കാരായ ഇക്കൂട്ടരെ കല്‍ത്തുറുങ്കിലടക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും വിഎസ് പറഞ്ഞു.
















