Categories: World

ഭീകരത; പാക്കിസ്ഥാനെതിരെ സ്വരം കടുപ്പിച്ച് യുഎസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിങ്ടണ്‍: ഭീകരരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന പാക്കിസ്ഥാനെതിരെ യുഎസ് കടുത്ത നടപടിക്ക്. ഇത്തരം നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭരണകൂടത്തിലെ ഉന്നതരെ പാക്കിസ്ഥാനിലേക്ക് അയയ്‌ക്കുന്നു.

വിദേശ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈ മാസം അവസാനത്തോടെ പാക്കിസ്ഥാനിലെത്തും. അതിനു ശേഷം പ്രതിരോധ സെക്രട്ടറി ജിം മാറ്റിസാകും പോവുക. ഭീകരരെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇരുവരും പാക് നേതൃത്വത്തോട് ആവശ്യപ്പെടും. ഇതിനു ശേഷവും നിലപാടില്‍ മാറ്റമുണ്ടായില്ലെങ്കില്‍ മറ്റു സാധ്യതകള്‍ തേടുമെന്ന കാര്യവും യുഎസ് ഉദ്യോഗസ്ഥര്‍ അവരെ ധരിപ്പിക്കും.

നേരത്തെ, അഫ്ഗാനിസ്ഥാനിലെ താലിബാന്‍, ഹഖാനി ശൃംഖലകളെ സഹായിക്കുന്നത് പാക്കിസ്ഥാനെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കുഴപ്പക്കാരുടെ പ്രതിനിധികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. പാക്കിസ്ഥാനുള്ള സഹായങ്ങള്‍ നിര്‍ത്തുമെന്ന സൂചനയും ട്രംപ് അന്ന് നല്‍കി.

അതേസമയം, പാക്കിസ്ഥാനിലെ ഭീകര താവളങ്ങളെക്കുറിച്ചുള്ള വിവരം യുഎസ് ഉദ്യോഗസ്ഥര്‍ പാക് അധികൃതര്‍ക്ക് കൈമാറുന്നില്ല. അവര്‍ക്ക് നല്‍കുന്ന വിവരം ഭീകരരിലേക്ക് എത്തുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Recent Posts