ന്യൂദല്‍ഹി: തൂക്കിക്കൊലയ്‌ക്ക് എതിരെ സുപ്രീം കോടതി. വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള, വേദന കുറഞ്ഞ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദശിച്ചു. കുറ്റവാളികളാണെങ്കിലും അവര്‍ വേദനയോടെയല്ല, സമാധാനത്തോടെ മരിക്കണം. ഒരു മനുഷ്യജീവിക്ക് അന്തസ്സോടെ മരിക്കാനും അവകാശമുണ്ട്. തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ ഋഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആധുനിക ശാസ്ത്രം വളരെയേറെ മുന്നേറിയ സാഹചര്യത്തില്‍ വേദനയില്ലാതെ വധശിക്ഷ നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം, കോടതി അഭിപ്രായപ്പെട്ടു. മൂന്നാഴ്ചക്കകം മറുപടി നല്‍കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കാവുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അതിനാല്‍ നിയമനിര്‍മ്മാണ സഭ അക്കാര്യത്തെക്കുറിച്ച് ഗൗരവപൂര്‍വ്വം ആലോചിക്കണം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
വധശിക്ഷയുടെ ഭരണഘടനാ സാധുതയല്ല കോടതി പരിശോധിക്കുന്നത്. അത് 83ല്‍ ബച്ചന്‍ സിങ്ങ് കേസില്‍ കോടതി തീര്‍പ്പാക്കിയിട്ടുള്ള കാര്യമാണ്. തൂക്കിക്കൊല്ലണമെന്നാണ് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 354ാം വകുപ്പ് അനുശാസിക്കുന്നത്. ഇതും അംഗീകരിച്ചിട്ടുള്ളതാണ്.
എന്നാല്‍ തൂക്കിത്തന്നെ കൊല്ലണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കണം. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കുന്ന നമ്മുടെ ഭണഘടന ദയാവായ്‌പ്പുള്ള, ജീവന്‍ തുടിക്കുന്ന രേഖയാണ്. ഭരണഘടനയുടെ 21 ാം വകുപ്പ് മൗലികാവകാശങ്ങളെപ്പറ്റിയാണ് പറയുന്നത്. അന്തസ്സോടെ ജീവിക്കുകയെന്നത് മൗലകാവകാശമാണ്. ഇതിന് അന്തസോടെ മരിക്കുകയെന്നും അര്‍ഥമുണ്ട്. കോടതി നിരീക്ഷിച്ചു.
















