ന്യൂദല്‍ഹി; സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ഇത് ഗൗരവകരമായ വിഷയമാണെന്ന് വിലയിരുത്തി.
ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സാപ്പ് തുടങ്ങിയ മാധ്യമ ങ്ങളില്‍ നിരുത്തരവാദ പരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉന്നതസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും പൊതുപ്രവത്തകര്‍ക്കും എതിരെ നടപടിയെടുക്കണമെന്ന ആവശ്യം പരിഗണിക്കവേയാണ് കോടതിയും ആശങ്ക പ്രകടിപ്പിച്ചത്.
പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കോടതി നടപടികളെപ്പറ്റി പോലും അവര്‍ തെറ്റിദ്ധാരണ പരത്തുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറി.
അന്വേഷണത്തിലിരിക്കുന്ന ഗുരുതരമായ വിഷയങ്ങളില്‍ പോലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരും ഉന്നതരും പൊതുപ്രവര്‍ത്തകരും സാമൂഹ്യ മാധ്യമങ്ങളില്‍ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. ഇത് അനുവദനീയമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമം കൊണ്ടുവരണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് കോടതി പറഞ്ഞു. ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗ കേസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ അന്നത്തെ യുപി മന്ത്രി അസംഖാനെതിരെ നടപടി തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിച്ചത്.
വിഷയം ഗൗരവമുള്ളതാണെന്ന് അമിക്കസ് ക്യൂറിമാരായ ഹരീഷ് സാല്‍വെയും ഫാലി എസ്. നരിമാനും കോടതിയില്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും അസഭ്യവര്‍ഷങ്ങളുമാണ്. ഇതു കാരണം സാമൂഹ്യ മാധ്യങ്ങള്‍ ഇപ്പോള്‍ നോക്കാറില്ല. ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു. ഒരു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരായ സമയത്താണ് ‘ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായത്. സ്വകാര്യ വ്യക്തികള്‍ പോലും വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറുകയാണ്., സാല്‍വെ പറഞ്ഞു.
സ്വകാര്യ വ്യക്തികള്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറുന്നതിനെതിരെ സിവില്‍ റൈറ്റ്‌സ് നിയമം കൊണ്ടുവരണമെന്ന് നരിമാന്‍ പറഞ്ഞിരുന്നു.
















