ഗുരുഗ്രാം: മനേസറിലെ മാരുതി സുസുക്കി പ്ലാന്റില്‍ പുള്ളിപ്പുലിയെത്തി. വെളുപ്പിന് നാലുമണിയോടെയാണ് പുള്ളിപ്പുലിയെ കണ്ടത്. വര്‍ക്കര്‍മാരും ഗാര്‍ഡ്മാരും അടക്കം 500പേരാണ് ആ ,സമയത്ത് പ്ലാന്റില്‍ ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് നൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും 5.30യോടെ എത്തി. പ്ലാന്റിലെ എഞ്ചിന്‍ റൂമിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. സിസിടിവിയിലൂടെ നീക്കങ്ങള്‍ വീക്ഷിച്ച് പുലി എത്തിയിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
രാവിലത്തെ ഷിഫ്റ്റ് ആരംഭിക്കുന്ന സമയമായതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഗേറ്റിന് പുറത്ത് 2000 തൊഴിലാളികള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ഡിസിപി അശോക് ബക്ഷി പറഞ്ഞു. മാരുതി ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
രണ്ട് മീറ്റര്‍ ഉയരത്തിലുള്ള പ്ലാറ്റ്‌ഫോമില്‍ ആയിരക്കണക്കിന് മെഷിനറികളാണുള്ളത്. ഈ മേഖല വളരെ വലുതുമാണ്. അതുകൊണ്ടുതന്നെ പുലിയെ പിടികൂടുക അത്ര എളുപ്പമല്ലെന്ന് വനം കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ പറഞ്ഞു. എല്ലായിടത്തും ക്യാമറയുള്ളതിനാല്‍ കുറച്ച് വൈകിയാലും പുലിയെ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
















