തളിപ്പറമ്പ്: തളിപ്പറമ്പിലെ കുഞ്ഞമ്പു ഡോക്ടറുടെ മകന്‍ റിട്ടയേര്‍ഡ് സഹകരണ ജോയന്റ് രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അഭിഭാഷകക്കും ഭര്‍ത്താവിനും കോടതി ജാമ്യം അനുവദിച്ചു. പയ്യന്നൂര്‍ തായിനേരിയിലെ അഡ്വ.ഷൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഗസ്ത് 18 ന് രാവിലെയാണ് ഷൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന് പയ്യന്നൂര്‍ കോടതി ഇവരെ റിമാന്റ് ചെയ്യുകയായിരുന്നു.
തളിപ്പറമ്പിലെ ആദ്യകാല ഡോക്ടര്‍മാരില്‍ പ്രമുഖനായ കുഞ്ഞമ്പു നായരുടെ മകനും സഹകരണ വകുപ്പ് റിട്ട ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുഞ്ഞമ്പു നായരുടെ കുടുംബ ചരിത്രം മനസ്സിലാക്കിയ ഷൈലജയും ഭര്‍ത്താവും ചേര്‍ന്ന് ഷൈലജയുടെ ചേച്ചി ജാനകി ബാലകൃഷ്ണന്റെ ഭാര്യയാണെന്ന് കൃത്രിമ രേഖകള്‍ സൃഷ്ടിച്ചാണ് സ്വത്തുക്കള്‍ തട്ടിയെടുത്തത്. ബാലകൃഷ്ണന്‍ ദുരൂഹസാഹചര്യത്തിലാണ് മരണമടഞ്ഞിരുന്നത്. ഇത് കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
















