അഞ്ചല്‍: ഏരൂരില്‍ ഏഴുവയസുകാരി ദാരുണമായി കൊലചെയ്യപ്പെട്ടതില്‍ പോലീസ് അനാസ്ഥയുണ്ടെന്നും ആരോപണം. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിക്ക് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞിട്ടും കാര്യമായ അന്വേഷണം നടന്നില്ലത്രേ.
കുട്ടിയുടെ കുഞ്ഞമ്മയ്‌ക്കൊപ്പം പുഞ്ചിരിമുക്ക് കോളനിയില്‍ താമസിച്ചിരുന്ന രാജേഷ് സ്ത്രീകളോടൊപ്പം താമസിക്കുകയും അവരെ ഉപേക്ഷിക്കുകയും ചെയ്യുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ആളായിരുന്നിട്ടും ഇയാളുടെ വീടും പരിസരവും അന്വേഷണത്തിന് വിധേയമാക്കിയിരുന്നില്ല. കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത് ഇയാളുടെ വീടിനടുത്തായിരുന്നു. പകല്‍ സമയം കുട്ടിയെ ഇയാളുടെ വീട്ടില്‍ കൊണ്ടുവന്നതിനു ശേഷമാകണം രാത്രിയില്‍ തോട്ടത്തിലേക്ക് കൊണ്ടുപോയത് എന്ന സംശയമാണ് ബലപ്പെടുന്നത്. മുന്‍പ് കൊല്ലം റയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്.
ഒരു ക്രിമിനലായ, മുന്‍ പരിചയമില്ലാത്തയാളോടൊപ്പം കുഞ്ഞിനെ കൂട്ടിവിട്ടതിന്റെ ജാഗ്രതക്കുറവാണ് അപകടകാരണമെങ്കിലും ഏരൂര്‍, കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനുകളുടെ മൂക്കിനുതാഴെ ഒരു പിഞ്ചു പെണ്‍കുഞ്ഞിനെ പിച്ചിച്ചീന്തി കൊന്നുവെന്നുള്ളത് വിശ്വസിക്കാനാകുന്നില്ല നാട്ടുകാര്‍ക്ക്.
















