പുനലൂര്‍: കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതിയായ തെന്മല ഇക്കോടൂറിസം കേന്ദ്രം നാശത്തിന്റെ പാതയില്‍. പുനലൂരിലെ തൂക്കുപാലം മുതല്‍ തെന്മല-ആര്യങ്കാവ് വരെ നീളുന്ന പാതയില്‍ ഒട്ടനവധി ദൃശ്യവിരുന്നുകള്‍ പകരുന്ന സ്ഥലങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതൊക്കെ കോര്‍ത്തിണക്കി നല്ലൊരു വിനോദസഞ്ചാര കേന്ദ്രം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കാത്ത ജനപ്രതിനിധികളാണ് ഇവിടെയുള്ളത്.
തൂക്കുപാലവും ഉറുകുന്നിലെ ദൃശ്യഗോപുരവും എര്‍ത്ത്ഡാം, പാണ്ഡവന്‍പാറ, പാലരുവി, തെന്മല ഡാം, ഇക്കോടൂറിസം കേന്ദ്രം എന്നിവയെ ചേര്‍ത്ത് ഒരു വിനോദസഞ്ചാര മേഖലതന്നെ സൃഷ്ടിക്കാമെന്നിരിക്കെ ഉള്ളവയെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇത്തരം കാര്യങ്ങള്‍ മുന്നോട്ട് നയിക്കേണ്ട സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ.രാജുവിന്റെ നിഷ്‌ക്രിയ പ്രവര്‍ത്തനങ്ങളാണ് ഇതിനെ പിന്നോട്ടടിക്കുന്നത് എന്നാണ് ആക്ഷേപം.
ഇക്കോടൂറിസത്തിനായി ആദ്യഘട്ടത്തില്‍ ആറുകോടി രൂപ ചെലവിട്ടു. പിന്നീട് നിരവധി കോടികളെന്ന് കണക്കുകള്‍ പറയുമ്പോഴും കാടുമൂടിയ സോണുകളില്‍ ഒന്നും ഇന്ന് സഞ്ചാരികള്‍ കയറാത്ത അവസ്ഥയാണ് ഉള്ളത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബോട്ടിങ് സെന്ററില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിലൂടെ സാധാരണക്കാര്‍ക്ക് അതും നിഷിദ്ധമായി.
ഇന്ന് പലസോണുകളും ഇഴജന്തുക്കളുടെ ആവാസഭൂമിയായി മാറിക്കഴിഞ്ഞു. കള്‍ച്ചറല്‍, ലഷ്വര്‍, അഡ്വഞ്ചര്‍ സോണുകള്‍ പൂര്‍ണമായും സഞ്ചാരികള്‍ കൈയൊഴിഞ്ഞുകഴിഞ്ഞു. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള, പ്രകൃതിയുടെ വരദാനമായി നിരവധി കാഴ്ചകളും സമ്മാനിക്കുന്ന സഞ്ചാരമേഖല സര്‍ക്കാര്‍ അനാസ്ഥയില്‍ നാശോന്മുഖമാവുകയാണ്.
















