കുന്നത്തൂര്‍: പോരുവഴിയില്‍ പട്ടികജാതി പെണ്‍കുട്ടികള്‍ താമസിച്ച് പഠനം നടത്തുന്ന ഹോസ്റ്റലിന് സമീപം കളിക്കാനെത്തുന്നവര്‍ അസഭ്യവര്‍ഷം നടത്തുന്നതായി പരാതി. ഇതിനെതിരേ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ശാസ്താംകോട്ട ബ്ലോക്കിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.
ഇതു സംബന്ധിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ ശൂരനാട് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഹോസ്റ്റലിനോടു തൊട്ടുചേര്‍ന്ന കെഐപി പുറമ്പോക്ക് ഭൂമിയില്‍ കളിക്കാനെത്തുന്നവരാണ് പ്രശ്‌നം സൃഷ്ടിക്കുന്നതത്രേ.
പെണ്‍കുട്ടികളും വനിതാ ജീവനക്കാരും മാത്രം താമസിക്കുന്ന ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നില്‍ രാവിലെയും വൈകിട്ടും യുവാക്കള്‍ തമ്പടിച്ച് അസഭ്യം പറയുന്നതും നിത്യസംഭവമാണ്. ഹോസ്റ്റലിലെ അന്തേവാസികളായ ഇരുപതോളം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കെപിഎംഎസ് കുന്നത്തൂര്‍ യൂണിയന്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെട്ട് യൂണിയന്‍ കമ്മിറ്റി ശൂരനാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും നേതാക്കള്‍ അറിയിച്ചു. അതേസമയം ഹോസറ്റല്‍ വാര്‍ഡന്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും, ഹോസ്റ്റലിന് സമീപത്തെ പന്ത് കളിയും അസഭ്യം പറച്ചിലും വിലക്കിയിട്ടുണ്ടെന്നും ശൂരനാട് എസ് ഐ അറിയിച്ചു.
















