ന്യൂദല്‍ഹി: ആകാശ യുദ്ധരംഗത്തെ അതികായനും രാജ്യത്തിന്റെ ആദ്യ വ്യോമസേനാ മാര്‍ഷലുമായ അര്‍ജാന്‍ സിങിന് സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട. കൗടില്യ മാര്‍ഗ്ഗിലെ വസതിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള കണ്ടോണ്‍മെന്റ് വരെ ഗണ്‍ കാരിയേജിലെത്തിച്ച അര്‍ജാന്‍ സിങിന്റെ മൃതദേഹത്തിന് കര-നാവിക-വ്യോമ സേനാ വിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അകമ്പടിയേകി.
1965ലെ ഇന്ത്യ-പാക് യുദ്ധ വിജയിയെ യാത്രയയക്കാന്‍ സുഖോയ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും രാജ്യതലസ്ഥാനത്തിന്റെ ആകാശത്ത് നിരന്തരം താഴ്ന്നു പറന്നു. സൈനിക ആചാര പ്രകാരം 17 ഗണ്‍ സല്യൂട്ടുകളോടെയായിരുന്നു അര്‍ജാന്‍ സിങിന്റെ മൃതദേഹം ചിതയിലേക്ക് ഏറ്റുവാങ്ങിയത്. സിഖ് മതാചാര പ്രകാരം അര്‍ജാന്‍ സിങിന്റെ മകന്‍ അരവിന്ദ് സിങ് സംസ്‌ക്കാര ചടങ്ങുകള്‍ നിര്‍വഹിച്ചു. അഗ്നി സ്വീകരിച്ച അര്‍ജാന്‍സിങിന്റെ മൃതദേഹത്തിന് മൂന്നു സൈനിക മേധാവിമാരും അന്തിമ അഭിവാദ്യം അര്‍പ്പിച്ചു.
ദല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആദര സൂചകമായി ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടി. രാജ്യത്തിന്റെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും കര-നാവിക-വ്യോമ സേനാ മേധാവിമാരും അന്തിമ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗ് അടക്കമുള്ള മുന്‍ സൈനിക മേധാവിമാര്‍ എന്നിവരും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
















