പഴയങ്ങാടി: ജ്യോതിഷിയെ വഞ്ചനാക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ചെറുകുന്നിലെ ജ്യോത്സ്യനായ കെ.വി.സുഭാഷിനെയാണ് ഇന്നലെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. മുഴപ്പിലങ്ങാട് സ്വദേശിയായ മഹേഷ് എന്നയാള്‍ക്ക് അത്ഭുതസിദ്ധി വിളക്കെന്ന പേരില്‍ വിളക്ക് നല്‍കി രണ്ട്‌ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലും ഇതേ വ്യക്തിക്ക് 35,000 രൂപ വിലയുള്ള മൂന്ന് മേരുശ്രീ ചക്രങ്ങള്‍ രണ്ട്‌ലക്ഷം രൂപ പ്രകാരം നല്‍കി വഞ്ചിച്ചു എന്നുമുള്ള കേസിലാണ് സുഭാഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇത്തരത്തില്‍ പല വ്യവസായികളില്‍ നിന്നും വ്യാപാരികളില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപ സുഭാഷ് കൈക്കലാക്കിയതായി പോലീസ് പറഞ്ഞു. സുഭാഷിനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണപുരത്തെ പോള ജയരാജന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ സ്വര്‍ണപ്രശ്‌നത്തിനെത്തി പാരമ്പര്യമായി അവരുടെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് രത്‌നങ്ങള്‍ തട്ടിയെടുത്തത് സംബന്ധിച്ചും കേസ് നിലവിലുണ്ട്. പോള ജയരാജന്റെ വീട്ടില്‍ 2008 ല്‍ സ്വര്‍ണപ്രശ്‌നത്തിനായി എത്തിയ സുഭാഷ് വീട്ടിലുള്ള രത്‌നങ്ങള്‍ കയ്യില്‍ സൂക്ഷിക്കുന്നതാണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുകയും ഇത് ഏതെങ്കിലും ക്ഷേത്രത്തില്‍ ഏല്‍പ്പിക്കണമെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് സുഭാഷ് സെക്രട്ടറിയായ കണ്ണപുരം തൃക്കണ്ണാട്ട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ രക്തചന്ദനത്തില്‍ കെട്ടിയ സ്വര്‍ണമാലയും 5000 രൂപയും രത്‌നങ്ങളും സമര്‍പ്പിച്ചു. എന്നാല്‍ സ്വര്‍ണമാലയും പൈസയും അമ്പലത്തിന് കൊടുത്ത് രത്‌നങ്ങള്‍ സുഭാഷ് കൈവശപ്പെടുത്തി എന്നാണ് പരാതി. പ്രസ്തുത രത്‌നങ്ങളിലൊന്ന് 20 ലക്ഷം രൂപക്ക് നാല് വര്‍ഷം മുമ്പ് ചക്കരക്കല്ല് സ്വദേശിയായ വിദേശ വ്യവസായിക്ക് വില്‍പ്പന നടത്തിയതായും പരാതിയില്‍ പറയുന്നു. നാഗക്ഷേത്രത്തില്‍ രത്‌നങ്ങള്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരെ താന്‍ സെക്രട്ടറിയായ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. പ്രസ്തുത കേസില്‍ സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.
















