പീരുമേട്: വിദ്യാഭ്യാസ കാര്യങ്ങളില്‍ എസ്എന്‍ ട്രസ്റ്റിന് ലാഭം വേണ്ടന്നും തലവരി പണം വാങ്ങില്ല എന്നത് ട്രസ്റ്റിന്റെ പൊതുനയമാണന്നും വെള്ളാപ്പള്ളി നടേഷന്‍ പറഞ്ഞു. സംവരണം ഉണ്ടായിട്ടും ഉന്നത സ്ഥാപനങ്ങളില്‍ എത്താനാവാത്ത അവസ്ഥയാണ് സമുദായ അംഗങ്ങള്‍ക്ക് ഉള്ളതെന്നും വെള്ളാപ്പള്ളി. പീരുമേട് എസ്എന്‍ഡിപി യോഗം ഓഡിറ്റോറിയത്തിന്റെയും പാമ്പനാര്‍ ശ്രീനാരായണ ഗുരു കോളേജ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അന്‍പത് കൊല്ലങ്ങളിലായി മാറി മാറി വന്ന സര്‍ക്കാരുകളില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തോന്നിയ പടി ഒപ്പിട്ടെടുത്തു.
പ്രദേശത്തെ 25 നിര്‍ദ്ധനര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ സ്വന്തമായി വീടില്ലന്നെും സഹായിക്കണമെന്നും ആവശ്യപ്പെട്ടെത്തിയ വീട്ടമ്മക്ക് വീട് നിര്‍മിക്കുന്നതിനു ഒന്നര ലക്ഷം രൂപ നല്‍കുകയും ചെയ്തു. പീരുമേട്ടില്‍ നടന്ന സ്വീകരണ പരുപാടിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. എസ്എന്‍.ട്രസ്റ്റ് ഡയറക്ടര്‍ അംഗം പ്രീതി നടേശന്‍, ട്രഷറര്‍ ഡോ. ജി ജയദേവന്‍, പി എം നടരാജന്‍, ചെമ്പുകുളം ഗോപിവൈദ്യര്‍, വി എസ് പ്രവീണ്‍ കുമാര്‍, ഡോ.ആര്‍ പ്രഗാഷ്, എം ബി ശ്രീകുമാര്‍, വാഴൂര്‍ സോമന്‍, പി എസ് രാജന്‍, റ്റി എസ് സുലേഖ, അജയന്‍ കെതങ്കപ്പന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
















