കൊച്ചി: കാവ്യാ മാധവന്റെ കൊച്ചി വെണ്ണലയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായ സംഭവത്തില്‍ ദുരൂഹത. പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം കാവ്യയുമായുള്ള ബന്ധം തെളിയിക്കാന്‍ പോലീസ് ആശ്രയിച്ചിരുന്ന നിര്‍ണായക തെളിവുകളാണ് നഷ്ടമായത്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ രജിസ്റ്ററുകളാണ് കാണാതായത്.
രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും കുറിച്ചിരുന്നുവെന്നും സുനി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളം വീണ് രജിസ്റ്റര്‍ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇവ മനഃപൂര്‍വം നശിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ സുനി കീഴടങ്ങുന്നതിന് മുമ്പായി കാവ്യയുടെ സ്ഥാപനത്തില്‍ എത്തിയിരുന്നതായി മൊഴി നല്‍കിയിരുന്നു.
സുനിയില്‍ നിന്നും സ്ഥാപനത്തിന്റെ വിസിറ്റിങ് കാര്‍ഡും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് വില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചത്. സമാന്തരമായി നടത്തിയ പ്രാഥമിക അന്വേഷണങ്ങളിലും കാവ്യയുടെ വില്ലയില്‍ സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായുള്ള സൂചനകള്‍ ലഭിച്ചിരുന്നു.
രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ഇനി പോലീസ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയിലാണ് പ്രതീക്ഷ വയ്‌ക്കുന്നത്. അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ദിലീപിനൊപ്പം കാവ്യയേയും നാദിര്‍ഷായേയും ഇതിലൂടെ കുടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പള്‍സറിന് കാവ്യയേയും ദിലീപിനേയും അറിയാമായിരുന്നുവെന്ന് അപ്പുണ്ണി നേരത്തെ തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. കോടതിയില്‍ അപ്പുണ്ണി എതിരായാല്‍ അത് ദിലീപിന്റെ വാദങ്ങളെയും ഏറെ ദുര്‍ബലപ്പെടുത്തും. ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നത്.
















