ആലപ്പുഴ: സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ക്ക് 15ന് തുടക്കം കുറിക്കുമ്പോള്‍ സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദന്‍ വെറും കാഴ്ചക്കാരന്‍. പാര്‍ട്ടിയുടെ ചരിത്രത്തില്‍ അച്യുതാനന്ദന്‍ ഇല്ലാത്ത ആദ്യത്തെ സംസ്ഥാന സമിതിയെയാണ് ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്.
പിന്നീട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാരുണ്യത്തില്‍ കേന്ദ്രകമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായെങ്കിലും ഇതുവരെ അദ്ദേഹത്തിന് പാര്‍ട്ടി ഘടകം അനുവദിച്ച് നല്‍കിയിട്ടില്ല. സംസ്ഥാന കമ്മറ്റിയില്‍ ഏതാനും സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നു. ഇതിലൊന്ന് വിഎസിനാണെന്ന് പ്രചാരണം ഉണ്ടായെങ്കിലും ഔദ്യോഗിക പക്ഷം കനിഞ്ഞില്ല. അതിനാല്‍ ഇത്തവണ ഒരു ഘടകത്തിലും അച്യുതാനന്ദന്‍ സമ്മേളന പ്രതിനിധിയായി ഉണ്ടാകില്ല.
സിപിഐയുടെ വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് 1964ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിഎസ് ഉള്‍പ്പെടെയുള്ള 32 നേതാക്കള്‍ ഇറങ്ങിപ്പോയത്. അതില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു സിപിഎം നേതാവ് അച്യുതാനന്ദന്‍ മാത്രമാണ്. സിപിഎം രൂപംകൊണ്ട ശേഷം ആദ്യ സംസ്ഥാന സമ്മേളനം നടന്നത് ആലപ്പുഴയിലായിരുന്നു. അന്ന് മുതല്‍ 2015 വരെ സംസ്ഥാന സമിതിയംഗമായിരുന്നു അച്യുതാനന്ദന്‍.
വിഎസ് പ്രസംഗിക്കാത്ത ആദ്യ സംസ്ഥാന സമ്മേളനവും 2015ലെ ആലപ്പുഴ സമ്മേളനമായിരുന്നു. ഈ സമ്മേളനം ചരിത്രത്തില്‍ ഇടംനേടിയതും വിഎസിന്റെ ഇറങ്ങിപ്പോക്കോടെയായിരുന്നു. അതിനു ശേഷം ഔദ്യോഗിക പക്ഷത്തിന് മുന്നില്‍ കീഴടങ്ങിയെങ്കിലും ഇത്തവണ സമ്മേളനങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ പിണറായിയും കോടിയേരി ബാലകൃഷ്ണനും കനിയേണ്ട ഗതികേടാണ് പാര്‍ട്ടി സ്ഥാപക നേതാവിനുള്ളത്.
ആലപ്പുഴയില്‍ രണ്ടാമത് സംസ്ഥാന സമ്മേളനം നടന്നത് 1988ലായിരുന്നു. അക്കാലയളവില്‍ അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയില്‍ സര്‍വശക്തനായിരുന്ന അച്യുതാനന്ദന്‍ മലപ്പുറം സമ്മേളനത്തോടെയാണ് ദുര്‍ബലനായി തുടങ്ങിയത്.
തുടര്‍ന്ന് കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളില്‍ വിഎസിന്റെ ചിറകരിഞ്ഞു. ഒടുവില്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പൂര്‍ണമായും തുടച്ചുനീക്കി. പക്ഷേ 2006ലും 2011ലും പിബിയുടെ തീരുമാനങ്ങളെ പോലും തിരുത്തിച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആകാന്‍ വിഎസിന് കഴിഞ്ഞു.
പാര്‍ട്ടിയുടെ ബംഗാള്‍, ത്രിപുര ഘടകത്തിന്റെയും കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും ശക്തമായ പിന്തുണയായിരുന്നു സംസ്ഥാന നേതൃത്വത്തോടുള്ള തുറന്ന യുദ്ധത്തിന് വിഎസിനെ സഹായിച്ചിരുന്നത്. ബംഗാള്‍ ഘടകം ദുര്‍ബലമായതോടെ കേരളത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ശേഷിയില്ലാതെ ദുര്‍ബലമായി കേന്ദ്രനേതൃത്വം. ഇതോടെ വിഎസിന്റെ പാര്‍ട്ടിക്കുള്ളിലെ പോരാട്ടവും അപ്രസ്‌ക്തമായി.
















