ഗുരുവായൂര്‍: കണ്ണന്റെ പിറന്നാള്‍ ആഘോഷിക്കാനായി ഗുരുപവന പുരി ഒരുങ്ങി. ക്ഷേത്ര നഗരിയെ ഭക്തിയില്‍ ആറാടിച്ച് അവതാര വിളംബര ഘോഷയാത്ര നടന്നു. ക്ഷേത്രനഗരി ഇന്നലെ വൈകുന്നേരം മുതലേ ഉണ്ണിക്കണ്ണന്മാരാല്‍ നിറഞ്ഞു കവിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രം ദീപാലങ്കാരങ്ങളില്‍ കുളിച്ചു നില്‍ക്കുകയാണ്. പ്രധാന വഴിപാട് ആയ അപ്പം ശീട്ടാക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രത്തിനകത്ത് ഇന്ന് സ്വര്‍ണ കോലത്തില്‍ ആണ് ഭഗവാന്‍ എഴുന്നള്ളുന്നത്. രാവിലെ കാഴ്ചശീവേലിക്ക് ഗജരത്‌നം പത്മനാഭനും, ഉച്ചയ്‌ക്ക് വലിയ കേശവനും, രാത്രി ഇന്ദ്രസെനുമാണ് സ്വര്‍ണ കോലം ഏറ്റുക.
ഭക്തര്‍ക്ക് ഭഗവാന്റെ പിറന്നാള്‍ സദ്യ നല്‍കാനായി തെക്കെ മുറ്റത്തെ വലിയ പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. രാവിലെ 9 മണി മുതല്‍ തന്നെ പിറന്നാള്‍ സദ്യ നല്‍കി തുടങ്ങും. ഉച്ചയ്‌ക്ക് 2 മണി വരെ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് സദ്യ നല്‍കും. 4 മണി വരെയാണ് പിറന്നാള്‍ സദ്യ നല്‍കുക. പടിഞ്ഞാറെ നടയിലെ അന്ന ലക്ഷ്മി ഹാളിലും അതിനു സമീപം കെട്ടിയ താല്‍ക്കാലിക പന്തലിലും, ക്ഷേത്രത്തിന്റെ തെക്കേ അങ്കണത്തില്‍ ഉയര്‍ത്തിയ പന്തലിലുമായി ഒരേസമയം 1700 പേര്‍ക്ക് സദ്യ നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്.
പുറത്ത് മേല്‍പത്തൂര്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉല്‍ഘാടനം ചെയ്യും . മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സുരേഷ്‌ഗോപി എം പി എന്നിവര്‍ സംബന്ധിക്കും.
അഷ്ടമിരോഹിണി ആഘോഷത്തിന് മുന്നോടിയായി ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിളമ്പര ഘോഷയാത്ര നടന്നു. മമ്മിയൂര്‍ നാരായണംകുളങ്ങര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. കൃഷ്ണ, രാധമാരും വിവിധ ദേശങ്ങളിലെ കലാരൂപങ്ങള്‍, ഗജവീരന്മാര്‍, താലപ്പൊലി, ഭജന, നാമജപം, വാദ്യങ്ങള്‍ എന്നിവ അണിനിരന്ന ഘോഷയാത്ര ക്ഷേത്രനഗരിയെ ഭക്തിയില്‍ ആറാടിച്ചു. ഹരി നാരായണന്‍, പി. ഭാസ്‌കരന്‍, മുള്ളത്ത് വേണുഗോപാല്‍, പി. ശ്രീനിവാസന്‍, മഠപ്പിള്ളി ശ്രീനിവാസന്‍, ചെറുവത്തൂര്‍ അച്ചുതന്‍ നായര്‍, തട്ടാഴി ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി
















