ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിലെ കുറിഞ്ഞിച്ചെടികള്‍ കത്തിച്ചതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൊട്ടാക്കമ്പൂര്‍ ഗ്രാമത്തില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ അകലെ ജണ്ടപ്പാറയ്‌ക്കു സമീപം ചെടികള്‍ വ്യാപകമായി കത്തിച്ച വിവരം ജന്മഭൂമി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയോട് പ്രതികരിച്ച, കുറിഞ്ഞി ഉദ്യാനത്തിന്റെ ചുമതല വഹിക്കുന്ന ഷോല നാഷണല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥരാണ് കുറിഞ്ഞി ചെടികള്‍ കത്തിച്ചതാണെന്ന് സ്ഥിരീകരിച്ചത്.
കൊട്ടാക്കമ്പൂര്‍ ഗ്രാമത്തിന്റെ ഭാഗമായുള്ള തട്ടാമ്പാറയ്‌ക്ക് താഴ്ഭാഗത്ത് നാല് മാസം മുന്‍പ് അജ്ഞാതര്‍ തീയിട്ടിയിരുന്നു. ഏക്കറുകണക്കിന് ഉദ്യാനം കത്തി നശിച്ചപ്പോള്‍ കാട്ടുതീയുണ്ടായെന്ന് എഫ്‌ഐആര്‍ തയ്യാറാക്കുകമാത്രമാണ് വനംവകുപ്പ് ചെയ്തത്.
തട്ടാമ്പാറയുടെ താഴ്ഭാഗത്ത് തീയിട്ടതാരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല. അന്വേഷണവുമായി തട്ടാമ്പാറനിവാസികള്‍ സഹകരിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെളിവില്ലാതെ കേസുമായി കോടതിയിലെത്തിയാല്‍ പരിഹാസ്യരാകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉദ്യാനത്തിനുള്ളില്‍ കുറിഞ്ഞി െചടികള്‍ കത്തിയ പ്രദേശത്ത് അന്വേഷണം നടത്താത്ത വനംവകുപ്പിന്റെ നിലപാട് വിവാദമായിരിക്കുകയാണ്. ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് വേണം കരുതാന്‍.
















