തിരുവനന്തപുരം: സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനത്തില്‍ ദുരൂഹതയെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി. ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിശദീകരിക്കാനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം അടവ് നയം പ്രയോഗിക്കുന്നത്. ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷത്തെയും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പ്രീണന നയം പ്രയോഗിക്കുന്നു. ആര്‍എസ്എസ് വര്‍ഗ്ഗീയ ശക്തിയാണെന്നും കേരളത്തില്‍ ശക്തി പ്രാപിക്കുകയാണെന്നും പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയാണ് അധികാരത്തില്‍ എത്തിയത്.
ഇപ്പോള്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി തന്നെ നല്കുന്നു. ഇത് ദുരൂഹമാണ്. ഇ.അഹമ്മദ് കേന്ദ്രമന്ത്രി ആയപ്പോള്‍ വര്ഗ്ഗീയപാര്ട്ടിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയവരാണ് ഇടതുപക്ഷം. ഇവരുടെ ഈ നിലപാടാണ് രാജ്യത്താകമാനം ബിജെപിയെ വളര്‍ത്തിയത്.
അടിയന്തരാവസ്ഥകാലത്ത് ജനസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് ഇടത് പക്ഷം. ബംഗാളിലും ത്രിപുരയിലും സ്ഥിതി മോശമാണ്. ഇനി കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകമാത്രമാണ് സിപിഎമ്മിന് രക്ഷയെന്നും വര്‍ഗ്ഗീയ പ്രീണനം നടത്തുന്നതില്‍ കോണ്‍ഗ്രസ്സും ഒട്ടും പിന്നിലല്ലെന്നും എന്‍.കെ.പ്രേമചന്ദ്രന് പറഞ്ഞു.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആര്.എസ്.പി നേതാവ് എ.എ. അസീസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവായി ചെന്നിത്തലയേക്കാള്‍ ശോഭിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടിയെപ്പോലെ രാപ്പകലില്ലാതെ ഓടി നടക്കാന്‍ ചെന്നിത്തലയ്ക്ക് കഴിയില്ല. അസീസ് പറഞ്ഞു. ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷം ഒക്ടോബര്‍ 29 ന് എഐസിസി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: