ന്യൂദല്‍ഹി: ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്‌ലാഗ് ഓഫ് ചെയ്തത് ലോകത്തെ ഏറ്റവും വലിയ ഹൈഡ്രജന്‍ പാസഞ്ചര്‍ ട്രെയിന്‍.
2,600 പേര്‍ക്ക് സഞ്ചരിക്കാം. നമോ ഗ്രീന്‍ റെയില്‍ എന്നാണ് പേര്. പൂര്‍ണമായും ഭാരതത്തില്‍ത്തന്നെ രൂപകല്‍പന ചെയ്ത് നിര്‍മിച്ചതാണ്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ നീരാവി മാത്രമാണ് പുറന്തള്ളുന്നത്.
ജര്‍മനി, ജപ്പാന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കുശേഷം സ്വന്തമായി ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്ന രാജ്യമായി ഭാരതം. മറ്റു റൂട്ടുകളിലും ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് റെയില്‍വേ.
ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ
അഞ്ച് മുതല്‍ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 10 കോച്ചുകളുള്ള ട്രെയിന്‍ ജിന്ദിനും സോണിപത്തിനും ഇടയിലെ 90 കിലോമീറ്റര്‍ രണ്ട് മണിക്കൂറില്‍ ഓടിയെത്തും. 11 സ്റ്റോപ്പ്. രാവിലെ 7.40ന് ജിന്ദില്‍ നിന്ന് പുറപ്പെട്ട് 9.40ന് സോണിപത്തിലെത്തും. മടക്ക ട്രെയിന്‍ രാവിലെ 10.40ന് സോണിപത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് ഒരു മണിക്ക് ജിന്ദില്‍ എത്തും. മണിക്കൂറില്‍ 110 കിലോമീറ്ററാണ് ഡിസൈന്‍ സ്പീഡ്. എന്നാല്‍ ജിന്ദ്-സോണിപത്ത് പാതയില്‍ പരമാവധി 75 കിലോമീറ്ററിലാണ് ഓടുക.











