തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച് മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവയ്‌ക്കുമ്പോള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് സാമൂഹിക മാധ്യമങ്ങളാണ്. ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട ദിവസം മുതല്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വിധത്തിലായിരുന്നു പ്രചാരണങ്ങള്‍ കൊഴുത്തത്. ചോദ്യങ്ങള്‍ക്ക് കമന്റ്‌രൂപത്തിലും പോസ്റ്റ് രൂപത്തിലും മറുചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ പല ഗ്രൂപ്പുകളിലേയും ചര്‍ച്ച ഉപേക്ഷിച്ചു.
മുന്‍ധാരണയോടെയുള്ള എസ്ഡിപിഐ – ഇടത് അനുഭാവ പോസ്റ്റുകള്‍ക്കുള്ള മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മാതൃ പോസ്റ്റുകളേക്കാള്‍ മറുപടി പോസ്റ്റിനാണ് കൂടുതല്‍ പ്രതികരണങ്ങളും ലൈക്കുകളും ലഭിക്കുന്നത്.
‘എഴുത്തുകാരന്റെ കഴുത്ത് ഞെരിക്കുമ്പോള്‍ അക്ഷരങ്ങള്‍ അലമുറയിടുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് എസ്ഡിപിഐയുടെ പ്രതിഷേധ പോസ്റ്റ്.
എന്നാല്‍ ഇതിന് ചുട്ടമറുപടിയാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. എസ്ഡിപിഐക്കാര്‍ സ്വയം ട്രോളിയതാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. തൊടുപുഴയില്‍ പാഠപുസ്തകത്തിന്റെ പേരില്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത് ഇക്കൂട്ടരായിരുന്നു. ഇക്കാര്യം ഓര്‍മ്മിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചത്.
‘ആശയം തോല്‍ക്കുമ്പോള്‍ ആയുധം എടുക്കുന്നവര്‍’ എന്ന പോസ്റ്റിന് ഉരുളയ്‌ക്ക് ഉപ്പേരിയായ മറുപടിയാണ് കമ്മികള്‍ എന്ന് അറിയപ്പെടുന്ന വിഭാഗത്തിന് സൈബര്‍ ലോകം നല്‍കിയത്. ടിപി ചന്ദ്രശേഖരന്റെ ചിത്രത്തില്‍ 51 വെട്ടെന്നും ഗൗരി ലങ്കേഷിന്റെ ചിത്രത്തില്‍ നാലുബുള്ളറ്റെന്നും രേഖപ്പെടുത്തി ഇതിന് തലവാചകമായി ‘കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ രീതി’ എന്ന കുറിക്കുകൊള്ളുന്ന മറുപടിയാണ് പോസ്റ്റ് രൂപത്തില്‍ നല്‍കിയത്.
എല്ലാവരും സംഘപരിവാറിനെതിരെ വാളെടുക്കുന്നു. കൂടെ തങ്ങളും എന്നമട്ടില്‍ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ‘കര്‍ണാടകത്തില്‍ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാരും മരിച്ചു വീഴുന്നു. ആര്‍ക്കും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ രാജിവയ്‌പ്പിക്കണ്ടേ?’ എന്ന മറുപടി പോസ്റ്റോടെ അതും അവസാനിച്ചു. ‘കോണ്‍ഗ്രസ് പ്രതികളെ പിടിക്കുകയുമില്ല അന്വേഷണം സിബിഐയ്‌ക്ക് വിടുകയുമില്ല’ എന്ന പഴംചൊല്ലുമാതൃകയിലെ മറ്റൊരു കമന്റും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
















