കൊച്ചി: പി.സി ജോര്‍ജ്ജ് എംഎല്‍എ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയില്‍ പോലീസ് ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയെടുത്തു. ജോര്‍ജ്ജ് നിരന്തരം തനിക്കെതിരെ ഉയര്‍ത്തിയ പ്രസ്താവനകള്‍ മാനഹാനിയുണ്ടാക്കിയെന്നും തെറ്റായ പ്രചാരണങ്ങള്ക്കിടയാക്കിയെന്നുമാണ് നടിയുടെ മൊഴി. ജോര്‍ജ്ജിന്റെ പ്രസ്താവന താനാരാണെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
നെടുമ്പാശ്ശേരി പോലീസ് ഇന്നലെ നടിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ചാനല്ച്ചര്ച്ചകളിലൂടെയും പ്രസ്താവനയിലൂടെയും ജോര്‍ജ്ജ് തനിക്ക് മാനഹാനിയുണ്ടാക്കുന്നതായി കാട്ടി നടി നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെ പിന്തുണച്ചും ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി എന്നതായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശം.
വിവാദ പ്രസ്താവന നടത്തിയ ജോര്‍ജിനെതിരെ വനിത കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. വനിതാ കമ്മീഷന് തന്നെ തൂക്കിക്കൊല്ലുമോയെന്ന് ജോര്‍ജ്ജ് പരിഹസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: