കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിഭവങ്ങള്‍ തയ്യാറാക്കുന്ന പാചക ശാലയിലെ അടുപ്പിലേക്ക് ഇന്ന് 10.40 നും 11.10 നും ഇടയില്‍ അഗ്നി പകരും.
അഷ്ടമി രോഹിണി വള്ളസദ്യയ്ക്കുള്ള ചേനപ്പാടി കരക്കാരുടെ തൈരുസമര്പ്പണം 11 മണിക്ക് ശേഷം ക്ഷേത്ര സന്നിധിയില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന് തൈരുംപാളകള് ഏറ്റുവാങ്ങി ഭഗവാന് സമര്‍പ്പിക്കും. ചേനപ്പാടിയില്‍ നിന്നും ആഘോഷപൂര്‍വ്വം എത്തുന്ന കരക്കാരെ പള്ളിയോട സേവാസംഘം, ക്ഷേത്രോപദേശക സമിതി, വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവരും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കും.
പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള എഴുപത് അംഗ പാചക വിദഗ്ദ്ധരാണ് ഈ വര്‍ഷവും അഷ്ടമിരോഹിണി വള്ളസദ്യ തയ്യാറാക്കുന്നത്.
സ്വദേശികളും വിദേശികളുമടക്കം അരലക്ഷത്തിലധികം ഭക്തര്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അന്നദാനമാണ് ആറന്മുളയില് നടക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും വള്ളസദ്യയില്‍ പങ്കെടുക്കാമെന്നുള്ളതും പ്രത്യേകതയാണ്.
ഭക്തജനങ്ങള്‍ക്ക് ഈ ദിനത്തില്‍ കുറഞ്ഞ ചിലവില്‍ വള്ളസദ്യ വഴിപാട് നടത്തുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ഓഫീസ്, പാഞ്ചജന്യം ഓഫീസ് എന്നിവിടങ്ങളില്‍ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ മുതല്‍ അഷ്ടമിരോഹിണി ജലമേളയും ഉച്ചക്ക് ക്ഷേത്ര മുറ്റത്ത് കേരളത്തിലെ ഏറ്റവും വലിയ അന്നദാനമായ അഷ്ടമിരോഹിണി വള്ളസദ്യയും നടക്കും.
വൈകിട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മഹാശോഭായാത്രയും, സമാപനവും ക്ഷേത്രസന്നിധിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: