പരപ്പനങ്ങാടി: ജില്ലയില്‍ ജല അതോറിറ്റി അറ്റകുറ്റപ്പണി കരാറുകാരുടെ സമരം അനിശ്ചിതമായി നീളുന്നത് മൂലം ജല വിതരണം പൂര്‍ണ്ണമായി നിലച്ചു. പമ്പിംങ് ലൈന്‍ അറ്റകുറ്റപ്പണികളടക്കം നടക്കാത്തതിനാല്‍ ജില്ലയില്‍ പല ഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. എട്ട് മാസത്തെ കുടിശ്ശിക ലഭിക്കാന്‍ ഉള്ളതിനാലാണ് ജില്ലയിലെ കരാറുകാര്‍ ഈ മാസം ഒന്നുമുതല്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ജല അതോറിറ്റി പാറക്കടവ് പമ്പിങ്ങ്സ്റ്റേഷനില് നിന്നും ചേളാരി ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള പമ്പിങ്ങ് ലൈനില്‍ മൂന്നിടങ്ങളില്‍ പൈപ്പ് പൊട്ടിയതിനാല്‍ അഞ്ച് പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ചയായി.
മൂന്നിയൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍ ,വള്ളിക്കുന്ന്, ചേലേമ്പ്ര, പഞ്ചായത്തുകളിലേക്കുള്ള ജലവിതരണമാണ് പൂര്‍ണമായും തടസപ്പെട്ടത്. പരപ്പനങ്ങാടി നഗരസഭയിലെ ജലവിതരണ പൈപ്പുകള്‍ പൊട്ടിയതിനാല്‍ ഇവിടെയും ഭാഗികമായി ജലവിതരണം തടസപ്പെട്ടിട്ടുണ്ട്. കരാറുകാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്താത്തതിനാല്‍, കോട്ടക്കല്‍, പെരുമണ്ണ, നന്നമ്പ്ര, തിരുര്‍, നരിപ്പറമ്പ്, എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളിലും ജലവിതരണത്തിന് തടസ്സം നേരിടുന്നുണ്ട്. ജലവിതരണം മുടങ്ങാതിരിക്കാന്‍ എടപ്പാള്‍, മലപ്പുറം ഡിവിഷനുകളിലെ എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ അതാത് സബ്ഡിവിഷനുകളിലേക്ക് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദഗ്ദ തൊഴിലാളികളെ വെച്ച് പലയിടങ്ങളിലും ഇന്നലെയോടെ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: