തിരുവനന്തപുരം: സംസ്ഥാനത്തെ യുവസംരംഭകരെ കോര്‍ത്തിണക്കികൊണ്ടുള്ള ഉച്ചകോടി യെസ് 3ഡി ഈ മാസം 12ന് കൊച്ചിയിലെ മരിയനില്‍ നടക്കും. സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ ഈ വര്‍ഷം 200 സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഐടി മേഖലയില്‍നിന്ന് വ്യത്യസ്തമായി കൃഷി, ബയോടെക്‌നോളജി തുടങ്ങി എല്ലാ മേഖലകളിലെയും പുതിയ സംരംഭകരെയാണ് മൂന്നാംഘട്ട ഉച്ചകോടിയായ യെസ് 3ഡി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മികച്ച വിജയം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ മേധാവികള്‍, വെഞ്ചര്‍ ക്യാപ്പിറ്റല്‍ മേഖലയില്‍ ഉള്ളവര്‍ എന്നിവരുമായുള്ള സംവാദങ്ങള്‍, സെമിനാറുകള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംഘത്തിലെ ഉന്നത ഉദേ്യാഗസ്ഥര്‍ ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരുമായി ആശയവിനിമയം നടത്തും. യുവസംരംഭകരുടെ നവീന ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്ന പ്രദര്‍ശനവും ഇതിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് 12 മുതല്‍ പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ട്.
യെസ് 3ഡി ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബിജു, കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദര്‍രാജന്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി 110 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതില്‍ 85 ശതമാനം വിജയം കൈവരിക്കാനായെന്നും 12 കോടി പ്രാഥമിക ഫണ്ടായും 20 കോടി അടിസ്ഥാന വികസനത്തിനും കെഎസ്‌ഐസിഡി നല്‍കിയതായും മന്ത്രി പറഞ്ഞു.
















