തൃപ്പൂണിത്തുറ: പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയിലെ തിരുത്തലുകള്‍ നടത്തുന്നതിന് അംഗീകാരം ഇല്ലാത്ത ഏജന്‍സികള്‍ ജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നു. ആദായ നികുതി വകുപ്പിന്റെ അംഗീകാരമുള്ള ഏജന്‍സികള്‍ 130 രൂപയ്‌ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് അംഗീകാരമില്ലാത്ത ഏജന്‍സികള്‍ 300 മുതല്‍ 500 രൂപവരെ ഈടാക്കുകയാണ്.
കേന്ദ്ര ആദായ നികുതിവകുപ്പിന്റെ അംഗീകൃത ഏജന്‍സികള്‍ എന്‍എസ് ഡിഎല്‍, യുടിഐ എന്നിവയാണ്. ഇവരുടെ അംഗീകൃത സബ് ഏജന്‍സികള്‍ എന്ന വ്യാജേനയാണ് പല സ്ഥാപനങ്ങളും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. അംഗീകൃത ഏജന്‍സികള്‍ പാന്‍കാര്‍ഡ് സംബന്ധമായ രേഖകള്‍ക്ക് കൊറിയര്‍ ചാര്‍ജ് ഉള്‍പ്പടെ 130 രൂപയാണ് ഈടാക്കുന്നത്. ഇതിനാണ് സ്വകാര്യ ഏജന്‍സികള്‍ മുന്നൂറു മുതല്‍ അഞ്ഞൂറ് രൂപവരെ ഈടാക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ 250 രൂപയും ഈടാക്കുന്നുണ്ട്.
ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് കര്‍ശനമാക്കിയതോടെയാണ് ജനങ്ങള്‍ക്ക് കാര്‍ഡുകളില്‍ വന്ന പിശകുകളെ കുറിച്ച് അറിയാനായത്. ആധാറില്‍ ഉള്ള വിവരങ്ങളില്‍ ചെറിയ വ്യത്യാസം ഉണ്ടായാല്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ല.
അംഗീകാരമില്ലാത്ത ഏജന്‍സികള്‍ വഴി അപേക്ഷിക്കുന്നതുകൊണ്ടാണ് പാന്‍കാര്‍ഡിലും ആധാറിലും തെറ്റുകള്‍ കടന്നു കൂടുന്നത്. പാന്‍കാര്‍ഡിനുള്ള അപേക്ഷാഫോറത്തില്‍ കൃത്യമായി വിവരങ്ങള്‍ പൂരിപ്പിക്കാന്‍ അംഗീകാരമില്ലാത്ത ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് കഴിയാറില്ല. ഇതാണ് തെറ്റുകള്‍ കടന്നു കൂടാന്‍ കാരണം. ഇതില്‍ വന്ന പിഴവുകള്‍ തിരുത്താന്‍ ജനം പാന്‍കാര്‍ഡും, ആധാര്‍കാര്‍ഡുമായി നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ്. ആദായനികുതി വകുപ്പിന്റെ കീഴിലുള്ള അംഗീകൃത ഏജന്‍സികളെ ക്കുറിച്ചും അവര്‍ നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ജനങ്ങള്‍ ബോധവാന്മാരല്ല. അംഗീകാരമില്ലാത്ത സ്വകാര്യ ഏജന്‍സികള്‍ ഇത് ചൂഷണം ചെയ്യുകയാണ്.
പാന്‍കാര്‍ഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാക്കപ്പെടും എന്ന ഭയത്താല്‍ ജനങ്ങള്‍ അമിത ഫീസുകള്‍ നല്‍കി സ്വകാര്യ ഏജന്‍സികളെ സമീപിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
















