ആലപ്പുഴ: ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന അനധികൃത കയ്യേറ്റക്കാരായ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം നടപ്പായില്ല. റോഡുകള്‍ കയ്യടക്കിയത് രാഷ്‌ട്രീയക്കാരുടെ ബിനാമികളെന്ന് ആക്ഷേപം.
കിടങ്ങാംപറമ്പ് മുതല്‍ മുല്ലയ്‌ക്കല്‍ സീറോ ജങ്ഷന്‍വരെ കയ്യേറ്റക്കാരായ വഴിയോരക്കച്ചവടക്കാരെക്കൊണ്ട് ഗതാഗത തടസ്സം നേരിടുകയാണ്. നഗരസഭയുടെ അനുമതിയില്ലാതെ വഴിയരികില്‍ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുമെന്നായിരുന്നു നഗരസാഭാധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഇതിനുവേണ്ടി ഉത്തരവാദിത്തപ്പെട്ട സംഘടനകളെ വിളിച്ചുകൂട്ടി ആലോചന നടത്തിയതായും അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം നടപ്പാക്കുന്നതിനു വേണ്ടി യാതൊരു നടപടിയും സ്വാകരിച്ചില്ല. മുല്ലയ്‌ക്കല്‍ തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ ചില രാഷ്‌ട്രീയക്കാരുടെയും വ്യവസായികളുടെയും ചില മതസംഘടനകളുടെയും സംരക്ഷണയിലാണ്.
ഇവര്‍ ദിവസവും നിശ്ചിത തുക വാങ്ങി കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതായി ഏറെക്കാലമായി ആക്ഷേപമുണ്ട്. നിയമാനുസൃതം കച്ചവടം നടത്തുന്നവരുടെ പേരുവിവരം നഗരസഭയുടെ പക്കല്‍ ഉള്ളതാണെങ്കിലും അതു പരിശോധിച്ച് അംഗീകാരം ഇല്ലാത്തവരെ നീക്കം ചെയ്യാനും നടപടിയില്ല.
മന്ത്രി ജി. സുധാകരന്‍ പല തവണ അനധികൃത വഴിയോരകച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിഐടിയുവും എഐടിയുസിയും കയ്യേറ്റക്കാര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ്. കൂടാതെ നഗരഭരണത്തിലെ ഒരു പ്രമുഖന്റെ ബിനാമികളാണ് കയ്യേറ്റക്കാരില്‍ പലരുമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ചില മതസംഘടനകളും ഇവര്‍ക്ക് തണലൊരുക്കുന്നു. റോഡ് യാത്രക്കാര്‍ക്കല്ല, കച്ചവടക്കാര്‍ക്കാണ് എന്നതാണ് ആലപ്പുഴ നഗരത്തിലെ ദുരവസ്ഥ.
















