കൊച്ചി: വിദ്യാര്‍ഥികളുടെയോ അധ്യാപകരുടേയോ, മറ്റു ജീവനക്കാരുടേയോ ക്യാമ്പസിനുള്ളിലെ സാമാധാനപരമായ സമരങ്ങള്‍ നിരോധിക്കാനാവില്ലെന്നും എന്നാല്‍ സമരങ്ങളുടെ പേരില്‍ നിയമലംഘനം നടത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാവുന്നതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സാമാധാനപരമായി ക്ലാസുകള്‍ നടത്തുന്നതിനും കോളജിന്റെ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും നിലപാട് അറിയിക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അക്രമങ്ങള്‍ ഒഴിവാക്കുന്നതിനുമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നു സത്യവാങ്മൂലം പറയുന്നു. വിദ്യാര്‍ഥികളോ, അധ്യാപകരോ, മറ്റു ജീവനക്കാരോ നിയമവിരുദ്ധമായി നടത്തുന്ന സമരങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് അനുമതി നല്‍കില്ല. ക്യാമ്പസുകള്‍ക്ക് സ്വതന്ത്രമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്നതിനാവണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍, സമരങ്ങള്‍, സമാധാനപരമായ സംവാദങ്ങള്‍ എന്നിവയ്‌ക്ക് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ വിദ്യാര്‍ഥികളുടെ പഠനത്തേയും, സ്ഥാപനത്തിന്റെ വസ്തുക്കള്‍ നശിപ്പിക്കുന്ന തരത്തിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല. സ്ഥാപന മേധാവിക്ക് ക്യാമ്പസിലെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിനു നടപടി സ്വീകരിക്കാവുന്നതാണെന്നും ഇതിനു വേണ്ട സഹായം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
















