മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ നിരക്കിലെ ഇളവ് അടക്കമുള്ള നടപടികള്‍ നിര്‍മ്മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വികല നയങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി നിയമത്തിന്റെ പേരിലുള്ള കടുത്ത നടപടികളും ഇല്ലാത്ത നിയമങ്ങള്‍ പറഞ്ഞ് പ്രോജക്ടുകളുടെ അനുമതി നിഷേധിക്കുന്നതും നിര്‍മ്മാണമേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗം വഴിമുട്ടിക്കുകയാണ്. നാലര ലക്ഷം പേര്‍ക്കാണ് നിര്‍മ്മാണ മേഖലയില്‍ നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിച്ചിരുന്നത്. നിയമാനുസൃതമുള്ള പ്രോജക്ടുകള്‍ക്കുപോലും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി അനുമതി നിഷേധിക്കുകയാണെന്ന് ആക്ഷേപം ഉണ്ട്.
നിയന്ത്രണമില്ലാതെയുള്ള സിമന്റ് വില വര്‍ധനയും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് സിമന്റിന് വില കുറയ്‌ക്കാന്‍ കമ്പനികള്‍ തയ്യാറായതോടെ നിര്‍മ്മാണ മേഖല സജീവമായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒരു ന്യായീകരണവുമില്ലാതെയാണ് സിമന്റ് നിര്‍മ്മാണ കമ്പനികള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍ സിമന്റിന് വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ ശ്രമിച്ചപ്പോള്‍ അതതു സര്‍ക്കാരുകള്‍ ഇടപെട്ട് തടഞ്ഞിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ നേരിട്ട് വിപണിയില്‍ ഇടപെട്ട് കുറഞ്ഞ ചെലവില്‍ സിമന്റ് നല്‍കിയതും കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു.
സംസ്ഥാനത്ത് സിമന്റ് 50 കിലോ ബാഗിന് 35 രൂപ വരെയാണ് വര്‍ദ്ധിച്ചത്. ഇപ്പോള്‍ 400 രൂപയാണ് വില. 20 രൂപയുടെ വില വര്‍ദ്ധന വീണ്ടും ഉണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കല്ലിന്റെ ലഭ്യതക്കുറവിന്റെ പേരില്‍ ക്വാറി ഉല്‍പന്നങ്ങളുടെ വിലയും അമിതമായി വര്‍ദ്ധിപ്പിച്ചു. മെറ്റല്‍ അടക്കമുള്ളവയ്‌ക്ക് 30 മുതല്‍ 50 ശതമാനം വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ചിപ്‌സ്, മണല്‍, പാറപ്പൊടി എന്നിവയ്‌ക്കും വില അമിതമായി വര്‍ദ്ധിച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ അദ്ധ്യക്ഷതയില്‍ വെവ്വേറെ യോഗം കൂടിയും പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. നിര്‍മ്മാണ മേഖലയ്‌ക്ക് ആവശ്യമായ ഖനന ഉത്പന്നങ്ങളുടെ ലഭ്യതയ്‌ക്കായി ഖനനവുമായി ബന്ധപ്പെട്ട പാരിസ്ഥിതികാനുമതി നല്‍കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റികളും രൂപീകരിച്ചിരുന്നു.
വിവിധ ജില്ലകളിലെ ഡാമുകളില്‍ നിന്നും സാങ്കേതിക മാനദണ്ഡമനുസരിച്ച് മണല്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയിലും പറഞ്ഞിരുന്നു. എന്നാല്‍ സത്വരനടപടി ഉണ്ടായില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗത്തിനും സ്വന്തമായൊരു വീടെന്ന മലയാളിയുടെ സ്വപ്നത്തിനും കരിനിഴല്‍ വീഴ്‌ത്തുമെന്നത് തീര്‍ച്ചയാണ്.
















