ന്യൂദല്‍ഹി: മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് പരാതിക്കാരിയും മുത്തലാഖിന്റെ ഇരയുമായ സൈറാ ബാനു. വിധി വന്ന ഇന്ന് മുസ്ലിം വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഐതിഹാസിക ദിനമാണ്. മുസ്ലിം വനിതകളുടെ പ്രശ്നങ്ങള്‍ പഠിച്ചതിനു ശേഷം മാത്രം സംസ്ഥാനങ്ങള്‍ ഇതില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സൈറാ ബാനു ആവശ്യപ്പെട്ടു.
മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട് സൈറാ ബാനു അടങ്ങുന്ന സംഘമാണ് കോടതിയെ സമീപിച്ചത്. 15 വര്‍ഷത്തെ വിവാഹബന്ധം ഫോണിലൂടെയാണ് സൈറ ബാനുവിന്റെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചത്.
ഇവര്‍ക്കൊപ്പം കത്ത് വഴി മൊഴി ചൊല്ലപ്പെട്ട അഫ്രീന് റഹ്മാന്, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്റത്ത് ജഹാന്, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവര്‍ നല്കിയ ഹര്‍ജികള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.
















