തിരുവനന്തപുരം:ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന തന്റെ മകന്‍ നിരപരാധിയാണെന്ന് അമ്മ കത്തില്‍ പറയുന്നു. കത്ത് ഡിജിപിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തി സരോജം ദിലീപിനെ കണ്ടിരുന്നു. മകന്‍ ജയിലിലായി ഒരു മാസം കഴിഞ്ഞാണ് അമ്മ അനിയന്‍ അനൂപിനൊപ്പം എത്തിയത്. നിറഞ്ഞ കണ്ണുകളോടെയായിരുന്നു അമ്മയുടെ മടക്കം. തന്റെ മകന്‍ കേസില്‍ നിരപരാധിയാണെന്നും കേസില്‍ ഗൂഡാലോചനയുണ്ടെന്നുമറിയിച്ചാണ് കത്ത്.
കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പരാതി അറിയിച്ചായിരുന്നു നടിയുടെ കത്ത്. കേസില്‍ അറസ്റ്റിലായ ദിലീപ് നിരപരാധിയാണെന്ന നിലപാടാണ് പിസി ജോര്‍ജിന്റേത്.
ദിലീപിനെതിരെയുള്ള ഗൂഡാലോചനയാണിതെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. നിര്‍ഭയ കേസിനേക്കാള്‍ ക്രൂരമായ പീഡനമാണ് നടിക്കെതിരെയുണ്ടായതെന്ന പ്രേസിക്യൂഷന്‍ വാദത്തെ ചോദ്യം ചെയ്ത് പിസി ജോര്‍ജ് ഉന്നയിച്ച ചോദ്യമാണ് വിവാദമായത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
കേസില്‍ മാഡം ഉണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പള്‍സര്‍ സുനി. ഇത് ആഗസ്റ്റ് 16ന് വ്യക്തമാക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ദിലീപിനു വേണ്ടി അമ്മ മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
















