തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാനുമായ കെ.ഭാസ്കരന്‍ ദളിത് സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന പരാതി അവാസ്തവമെന്ന് മുഖ്യമന്ത്രി. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനോ പാര്‍ട്ടിക്കോ പരാതി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ സബ്‌മിഷന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍. മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനെയാണ് മര്‍ദ്ദിച്ചുവെന്നായിരുന്നു ആരോപണം.. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പു ദിവസം ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍, ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് ആരോപണം.
സംഭവം നടന്ന ദിവസം തന്നെ ഷീല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും തുടര്‍ന്ന് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
















