കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന് വിശദീകരണം നല്‍കുന്നതിനായാണ് ഹര്‍ജി മാറ്റിയത്. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
വ്യാഴാഴ്ചയാണ് ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ പോലീസ് ഉന്നയിച്ച തടസവാദങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ദിലീപിന്റെ വാദം.
അപ്പുണ്ണിയെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമാവുകയും ചെയ്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
















