കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദീലീപ് വീണ്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി സൂചന. മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു വിളിച്ച ദിവസം തന്നെ ഇക്കാര്യ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു എന്ന നിര്‍ണായക വിവരം ഹര്‍ജിയിലുണ്ട്. സുനി വിളിച്ച വിവരം കുറച്ചു ദിവസം മറച്ചു വെച്ചതിനുശേഷമാണ് ദിലീപ് ബ്ലാക്‌മെയിലിങ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു പോലീസിന്റെ വാദം.
ജാമ്യഹര്‍ജിയില്‍ പറയുന്നതിങ്ങനെ: ഏപ്രില്‍ പത്തിന് വൈകുന്നേരം ബെംഗളൂരൂവിലേക്കുള്ള യാത്രയ്‌ക്കിടെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വിഷ്ണു എന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ചിരുന്നു. സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറയാന്‍ സിനിമാ രംഗത്തെ ചിലര്‍ സുനിയെ നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞാണ് ഫോണ്‍ വിളിച്ചത്. രണ്ടു നടന്മാരുടെയും ഒരു നടിയുടെയും ഒരു സംവിധായകന്റെയും പേരു പറഞ്ഞു. ഇതു റെക്കോര്‍ഡ് ചെയ്ത നാദിര്‍ഷ തനിക്ക് അയച്ചു. അന്നു തന്നെ ബെഹ്‌റയെ മൊബൈലില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. റെക്കോര്‍ഡ് ചെയ്ത വോയ്‌സ് ക്‌ളിപ്പ് വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു.
ഏപ്രില്‍ 16 ന് പ്രൊഫ. ഡിങ്കന്‍ എന്ന തന്റെ ചിത്രത്തിന്റെ പൂജാചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡിജിപിയോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പിന്നീട് അപ്പുണ്ണിക്ക് വന്നതടക്കമുള്ള ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ 8, 20,21 തീയതികളില്‍ ഡിജിപിയെ വിളിച്ച് അറിയിച്ചു. വിവരങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 20 ന് ബന്ധു സൂരജ് മുഖേന ഇ -മെയില്‍ പരാതി നല്‍കി. പിന്നീട് ചലച്ചിത്ര നിര്‍മ്മാതാവായ രഞ്ജിത്ത് മുഖേന രേഖാമൂലമുള്ള പരാതിയും ഡിജിപിക്കു നല്‍കി.
ഈ സംഭവങ്ങള്‍ക്കിടെ ഏപ്രില്‍ 17 നാണ് നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. എന്നാല്‍ തന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി നിര്‍ദേശിച്ചില്ല, കേസുമെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എഡിജിപി ബി. സന്ധ്യ, നടി മഞ്ജു വാര്യര്‍, പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ജാമ്യ ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍.
ചോദ്യം ചെയ്യലിനിടെ മഞ്ജു വാര്യരെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അതു റെക്കോഡു ചെയ്തില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ സമയത്ത് വിഡിയോ ഓഫാക്കാന്‍ സന്ധ്യ നിര്‍ദേശിച്ചു എന്നാണ് ആരോപണം. ചിലര്‍ മാസങ്ങളായി ദുഷ്ടലാക്കോടെ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതു നിമിത്തമാണ് കേസില്‍ അറസ്റ്റിലാകാന്‍ കാരണമെന്നും ഹര്‍ജി പറയുന്നു. മാധ്യമങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലരാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
















