കൊല്‍ക്കത്ത: കേരളത്തില്‍ ക്രിക്കറ്റിന് ഒരു സ്ഥിരം വേദി കൂടി. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. അവിടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ അനുമതി നല്‍കി. ട്വന്റി20 മത്സരത്തിനാണ് ഇപ്പോള്‍ തീരുമാനം.
കൊല്‍ക്കത്തയില്‍ ഇന്നലെ ചേര്‍ന്ന ബിസിസിഐയുടെ ടൂര്‍ ആന്‍ഡ് ഫിക്‌സ്ചര്‍ കമ്മിറ്റിയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ രാജ്യാന്തര വേദിയായി പ്രഖ്യാപിച്ചത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ട്വന്റി20 മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. ഡിസംബറിലാകും മത്സരമെന്ന് യോഗത്തിനു ശേഷം ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.
ടെസ്റ്റ് വേദി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പുതിയ മൈതാനങ്ങള്‍ക്ക് നേരിട്ട് ടെസ്റ്റ് പദവി നല്‍കേണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചു. കൊച്ചി കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിനു പിന്നാലെ മറ്റൊരു ക്രിക്കറ്റ് വേദി കൂടിയായി കേരളത്തിന്. ദേശീയ ഗെയിംസിനായി നിര്‍മിച്ച സ്റ്റേഡിയം അതിനു ശേഷം വെറുതെ കിടക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുത്തത്. ഇവിടെ മൂന്ന് പിച്ചുകളും നിര്‍മിച്ചു. ഈ വര്‍ഷം മേയില്‍ ബിസിസിഐയുടെ സാങ്കേതിക സമിതി മൈതാനവും പിച്ചും പരിശോധിച്ച് വിലയിരുത്തി, അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിവസ വാടകയ്‌ക്ക് വര്‍ഷത്തില്‍ 180 ദിവസത്തേക്കാണ് സ്റ്റേഡിയം ബിസിസിഐ ഏറ്റെടുത്തത്.
തിരുവനന്തപുരത്തെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് മത്സരമാകുമിത്. 1988 ജനുവരിയില്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടിയിരുന്നു. കപില്‍ദേവ്, ശ്രീകാന്ത്, അമര്‍നാഥ്, വിവ് റിച്ചാര്‍ഡ്‌സ്, ഗ്രീനിഡ്ജ്, കാള്‍ ഹൂപ്പര്‍ തുടങ്ങിയ മഹാരഥന്മാര്‍ അന്ന് കളിക്കാനെത്തി.
ഗുവാഹത്തിയിലെ ബരസ്പരയാണ് പുതിയ മറ്റൊരു വേദി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി മത്സരമാണ് ഇവിടെ അരങ്ങേറുക. മോശം പിച്ചിന്റെ പേരില്‍ വിലക്ക് നേരിട്ടിരുന്ന നാഗ്പ്പൂരിന് തിരിച്ചുവരവ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനാണ് നഗരം വേദിയാകുക. സെപ്തംബറിനും ഡിസംബറിനുമിടയില്‍ മൂന്ന് രാജ്യങ്ങള്‍ക്കെതിരെ 23 രാജ്യാന്തര മത്സരങ്ങള്‍ ഇന്ത്യ കളിക്കും.
സെപ്തംബറില്‍ ഓസ്‌ട്രേലിയയാണ് ആദ്യമെത്തുക. അഞ്ച് ഏകദിനങ്ങളും (ചെന്നൈ, ബെംഗളൂരു, നാഗ്പ്പൂര്‍, ഇന്‍ഡോര്‍, കൊല്‍ക്കത്ത), മൂന്ന് ട്വന്റി20യും (ഹൈദരാബാദ്, റാഞ്ചി, ഗുവാഹത്തി) കളിക്കും. പിന്നാലെ ന്യൂസിലന്‍ഡ് എത്തും. മൂന്ന് ഏകദിനങ്ങള്‍ (പൂനെ, മുംബൈ, കാണ്‍പൂര്‍) മൂന്ന് ട്വന്റി20 (ദല്‍ഹി, കട്ടക്ക്, രാജ്‌കോട്ട്). നവംബറിലാണ് ലങ്കയെത്തുക. മൂന്ന് ടെസ്റ്റ് (കൊല്‍ക്കത്ത, നാഗ്പ്പൂര്‍, ദല്‍ഹി), മൂന്ന് ഏകദിനം (ധര്‍മ്മശാല, നാഗ്പ്പൂര്‍, വിസാഗ്), മൂന്ന് ട്വന്റി20 (തിരുവനന്തപുരം, ഇന്‍ഡോര്‍, മുംബൈ) പരമ്പരയില്‍.
















