മാവേലിക്കര: നടവഴി സംബന്ധിച്ച തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. അക്രമത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് പരിക്ക്.
ചെട്ടികുങ്ങര കണ്ണമംഗലം തെക്ക് പുഞ്ചത്തറയില്‍ വീട്ടില്‍ അന്നമ്മ (85), ഇവരുടെ മക്കളായ ത്രേസ്യാമ്മ (54), ജോര്‍ജ്ജ് കുട്ടി ( 53), ഭാര്യ ത്രേസ്യകുട്ടി (48), ജോര്‍ജ്ജ് കുട്ടിയുടെ മകന്‍ ജിജോ ജോര്‍ജ്ജ് (25), ത്രേസ്യാമ്മയുടെ മക്കളായ ഷൈബി (32), ഷൈജു (29) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ പുഞ്ചത്തറയില്‍ മഹാദേവനുമായി വഴി തര്‍ക്കം നിലനിന്നിരുന്നു.
നടവഴിയില്‍ വാഹനം കയറിപ്പോകാന്‍ സൗകര്യം കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കം. ആകെയുള്ള മൂന്ന് സെന്റ് വസ്തുവില്‍ നിന്ന് വഴി കൊടുക്കാന്‍ കഴിയില്ലെന്ന് അന്നമ്മയും കുടുംബവും പറഞ്ഞിരുന്നു.
തുടര്‍ന്ന് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ സമാധാന ചര്‍ച്ചയും നടന്നു. വിലേജ് ഓഫീസില്‍ നിന്നും വന്ന് സ്ഥലം പരിശോധിച്ച ശേഷം നടപടിയെടാക്കാമെന്നായിരുന്നു ധാരണ.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മഹാദേവന്‍ വാഹനം നടവഴിയെ കയറ്റാന്‍ ശ്രമിച്ചത് ജോര്‍ജ്ജുകുട്ടിയും കുടുംബവും ചോദ്യം ചെയ്തു തുടര്‍ന്ന് മഹാദേവന്റെ നേതൃത്വത്തില്‍ എത്തിയ കണ്ടാലറിയാവുന്ന ഏഴ് പേര്‍ ഉള്‍പ്പടെ 30 ഓളംപേരടങ്ങുന്ന സംഘമാണ് വീടുകയറി ആക്രമണം നടത്തിയതെന്ന് അന്നമ്മയും കുടുംബവും മാവേലിക്കര പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
അക്രമണത്തിനിടെ ത്രേസ്യാമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാലയും നഷ്ടമായിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഏഴു പേരും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം സംബന്ധിച്ച് മാവേലിക്കര പോലീസ് കേസെടുത്തു.
















