മട്ടന്നൂര്‍: രണ്ടാം വാര്‍ഡ് പൊറോറയില്‍ മത്സരം തീപാറും. ഇവിടെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് വാര്‍ഡില്‍ ഏറെ സുപരിചിതനായ പി.പി.സജീവനെയാണ്. നാല്‍പ്പതുകാരനായ സജീവന്റെ കന്നിയംഗമാണിതെങ്കിലും വാര്‍ഡിലെ മുക്കിലും മൂലയിലും സുപരിചിതനായ സജീവന്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ചെറുപ്പത്തില്‍ത്തന്നെ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിലൂടെ കടന്നുവന്ന സജീവന്‍ ബാലഗോകുലം, എബിവിപി, ആര്‍എസ്എസ് സംഘടനകളില്‍ ചുമതല വഹിച്ചിട്ടുണ്ട്. വാര്‍ഡിലെ ഓരോ വ്യക്തിയോടും രാഷ്‌ട്രീയത്തിനതീതമായി ബന്ധം വെച്ചുപുലര്‍ത്തുന്ന സജീവന്‍ നിലവില്‍ ബിജെപി ബൂത്ത് പ്രസിഡണ്ടും പെരിയച്ചൂര്‍ ഗ്രാമദീപം വായനശാലാ കമ്മറ്റിയംഗവുമാണ്. കരിത്തൂര്‍പറമ്പ് മാലിന്യ സംസ്‌കരണ വിഷയവുമായി ബന്ധപ്പെട്ട ആക്ഷന്‍ കമ്മറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ച് നഗരസഭയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രദേശത്തെ ജനങ്ങളെ അണിനിരത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച സജീവന് നിലവില്‍ എല്‍ഡിഎഫിന്റെ കയ്യിലുള്ള വാര്‍ഡ് പിടിച്ചെടുക്കുക എന്നത് അസാധ്യമായ കാര്യമല്ല. കഴിഞ്ഞ ദിവസം നടന്ന വാര്‍ഡ് കണ്‍വെന്‍ഷനില്‍ അഭൂതമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. വാര്‍ഡിലെ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് പരിശോധിച്ചാല്‍ സജീവന്റെ വിജയം സുനിശ്ചിതമാണ്. സ്‌ക്വാഡുകള്‍ തിരിച്ച് വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രവര്‍ത്തനമാണ് വാര്‍ഡില്‍ ബിജെപി കാഴ്ചവെക്കുന്നത്. അതിനായി പുതുതലമുറ പ്രവര്‍ത്തകര്‍ ആവേശത്തോടെ രംഗത്തുണ്ട്. സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗം സ്ഥാനാര്‍ത്ഥി സി.വി.ശശീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഏറെ വാഗ്വാദത്തിനും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് സിഎംപിക്ക് ഇവിടെ സീറ്റ് ലഭിച്ചത്. ഇത് വാര്‍ഡിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിലവില്‍ സിഎംപി ജില്ലാ സെക്രട്ടറി കൂടിയായ സി.വി.ശശീന്ദ്രന് ഈ വാര്‍ഡ് ബാലികേറാമലയാണ്. യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.രാഗേഷും മത്സരരംഗത്തുണ്ട്.
പൊറോറ വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.പി.സജീവന്
















