കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ‘അയാട്ട’ (ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍) ലൈസന്‍സ് ലഭിച്ചു. സിഎന്‍എന്‍ എന്നാണ് താവളത്തിന്റെ കോഡ്. ഈ ലൈസന്‍സായതോടെ എയര്‍പോര്‍ട്ടിന്റെ നിര്‍മാണപ്രവൃത്തികള്‍ക്ക് വേഗം കൂടുമെന്ന് പ്രോജക്ടര്‍ എന്‍ജിനിയര്‍ കെ.എസ്.ഷിബുകുമാര്‍ പറഞ്ഞു.
ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, ഭൂപ്രകൃതി എന്നിവ പരിശോധിച്ച ശേഷമാണ് അയാട്ട ലൈസന്‍സ് നല്‍കുന്നത്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കോഡ് നേരത്തെ ലഭിച്ചിരുന്നു.
മലബാറുകാരുടെ ദീര്‍ഘകാലസ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2017 സെപ്തംബറില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടുത്ത വര്‍ഷം സെപ്തംബറില്‍ മാത്രമേ പണി പൂര്‍ത്തിയാകൂവെന്നതാണ് നിലവിലെ സ്ഥിതി. പിന്നെയും നാലഞ്ചു മാസമെങ്കിലുമാവും പൂര്‍ണതോതില്‍ വിമാനത്താവളം ഔദ്യോഗികമായി തുറന്നുകൊടുക്കാന്‍.
മഴ കനത്തോടെ നിര്‍മ്മാണപ്രവൃത്തികള്‍ ഇഴയുകയാണ്. പൂര്‍ണമായും മഴ മാറി നില്‍ക്കുമ്പോള്‍ മാത്രമേ റണ്‍വേ സുരക്ഷിതമേഖലയിലെ പ്രവൃത്തി ഏറ്റെടുക്കാനാവൂ. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഇപ്പോള്‍ തടസ്സമൊന്നുമില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി റണ്‍വേ സുരക്ഷിതമേഖലയിലെ പണി തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷ. സാങ്കേതികവിഭാഗം ജോലി പൂര്‍ത്തിയാക്കണമെങ്കില്‍ വൈദ്യുതി ലഭിക്കണം. വൈദ്യുതിയ്‌ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തി അനുമതിപത്രം നല്‍കിയാല്‍ മാത്രമേ കണക്ഷന്‍ ലഭിക്കൂ. അടുത്ത മാസമായിരിക്കും ഈ പരിശോധന.
















