ഇരിട്ടി: ഇരിട്ടിയില്‍ വീട്ടില്‍ സൂക്ഷിച്ച വിദേശമദ്യശേഖരം ഇരിട്ടി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഇരിട്ടി എസ്‌ഐ സഞ്ജയ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വള്ളിത്തോടു് സാലസ്പുരം റോഡില്‍ വാടിയില്‍ ബിനോയ് തോമസിന്റെ (40) വീട്ടില്‍ നിന്നാണ് 408 കുപ്പി കര്‍ണ്ണാടക മദ്യം പിടികൂടിയത്. 17 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
ഇരിട്ടി എസ്‌ഐ സജ്ഞയ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബിനോയ് തോമസിന്റെ വീട്ടില്‍ ബുധനാഴ്ച സന്ധ്യയോടെ നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെത്തിയത്. ഇയാള്‍ കര്‍ണ്ണാടകയില്‍ നിന്നും സ്ഥിരമായി മദ്യം കടത്തികൊണ്ടു വന്ന് മേഖലയില്‍ വ്യാപകമായി മദ്യം വില്‍പന നടത്തുന്ന ആളാണെന്ന് എസ്‌ഐ പറഞ്ഞു. ഈ ഒരു മാസത്തിനിടയില്‍ ഈ മേഖലയില്‍ നിന്നും പിടികൂടുന്ന നാലാമത്തെ മദ്യ ശേഖരമാണ് ഇത്. അനനധികൃത മദ്യവില്‍പ്പന നടത്തുന്ന വന്‍ സംഘംതന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു. റെയ്ഡില്‍ എസ്‌ഐയെ കൂടാതെ സിപിഒമാരായ സതീശന്‍, ഷംസുദ്ദീന്‍, ഷാജി എന്നിവരും പങ്കെടുത്തു.
















