കണ്ണൂര്‍: ജില്ലയില്‍ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള വിനിയോഗിക്കാതെ കിടക്കുന്ന സ്ഥലം കണ്ടെത്തി ലൈഫ് മിഷനുകീഴില്‍ ഭവന പദ്ധതിക്കായി ലഭ്യമാക്കാനാവശ്യമായ നടപടി കൈക്കൊള്ളാന്‍ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മിഷന്റെ ജില്ലാതല യോഗം തീരുമാനിച്ചു. ഇതിനായി വിവിധ വകുപ്പുകള്‍ക്ക് ഇതിനകം കത്ത് അയച്ചിട്ടുണ്ട്. മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കായി 28ന് ജില്ലാതല ശില്‍പ്പശാല നടത്താനും തീരുമാനിച്ചു. രാവിലെ 10.30ന് ആസൂത്രണ സമിതി ഹാളിലാണ് ശില്‍പ്പശാല.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ മിഷന്‍ കണ്‍വീനറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















