ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ നടപടികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെയുടെ വിമർശനം .
ഗ്യാനേഷ് കുമാർ മോദി സർക്കാരിന്റെ ‘പാവ’യായി പ്രവർത്തിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കേണ്ട ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ സംശയത്തിന് ഇടയാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
SIR നടപ്പാക്കാനുള്ള തീരുമാനം മുഴുവൻ തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്നാണോ എടുത്തതെന്ന് ഖാർഗെ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവിനും വിവേക് ജോഷിക്കും കമ്മിഷന്റെ ആഭ്യന്തര പോർട്ടലിലേക്ക് പ്രവേശനം നിഷേധിച്ചെന്ന റിപ്പോർട്ടുകളിലും വിശദീകരണം വേണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാറിനെതിരായ വിമർശനങ്ങൾക്കിടെ സന്ധുവും ജോഷിയും ഉൾപ്പെടുന്ന മൂന്ന് അംഗ കമ്മിഷനാണ് നിലവിലുള്ളത്.വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഇത്തരം ആരോപണങ്ങൾ ഉയർന്നിടത്ത് സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. വോട്ടർപട്ടികയിലെ പ്രധാന മാറ്റങ്ങളുടെ വിവരങ്ങൾ പരസ്യമാക്കുക, പേര് നീക്കം ചെയ്യപ്പെട്ടവർക്ക് വിശദാംശങ്ങളും അപ്പീൽ അവസരവും നൽകുക, രാഷ്‌ട്രീയ പാർട്ടികൾക്ക് ആവശ്യമായ തിരഞ്ഞെടുപ്പ് വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
കോൺഗ്രസ് തുടർന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും പാർലമെന്റിലും വിഷയം ഉന്നയിക്കുമെന്നും ഖാർഗെ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളിൽ വ്യത്യസ്ത നിലപാടാണ് കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളത്. ആഭ്യന്തര ചർച്ചകളിലെ അഭിപ്രായവ്യത്യാസങ്ങൾ സ്ഥാപനപരമായ നടപടികളുടെ ഭാഗമാണെന്നാണ് കമ്മിഷന്റെ നിലപാട്.
















