സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശം എന്നെല്ലാം പലരെയും വിശേഷിപ്പിച്ചുകേട്ടിട്ടുണ്ട്. ആര്‍ക്കും പ്രേരണ-ഊര്‍ജ്ജ സ്രോതസ്സുകളായിത്തീരുന്നവര്‍ വളരെക്കുറവാണ്. അവരില്‍ത്തന്നെ ആവശ്യക്കാരനെയും ആവശ്യത്തിനുപയോഗിക്കാന്‍ കഴിയുന്നവരേയും അര്‍ഹരേയും കണ്ടെത്തി അവര്‍ക്ക് പ്രേരണയോ പ്രോത്സാഹനമോ ചെയ്യുന്നവര്‍ പിന്നെയും എണ്ണത്തില്‍ കുറവായിരിക്കും. എംഎ സാര്‍ എന്ന് അറിയപ്പെടുന്ന എം.എ. കൃഷ്ണന്‍ ഈ ജനുസ്സിലുള്ള അപൂര്‍വ പ്രതിഭാസമാണ്. വ്യക്തിയെ പ്രതിഭാസമെന്നൊക്കെ വിശേഷിപ്പിക്കുന്നത് അത്യുക്തിയല്ലേ എന്ന് സംശിക്കാം. പക്ഷേ, ഈ വ്യക്തിത്വത്തിന്റെ ആഴത്തെ അടുത്തറിയാനായാല്‍, വിശേഷണങ്ങള്‍ കുറഞ്ഞുപോയില്ലേ എന്നേ തോന്നൂ.
എന്താണ് ഒരു വ്യക്തിയെ അസാമാന്യനാക്കുന്നത്. അശ്രാന്ത പരിശ്രമവിജയം, അഗാധ പാണ്ഡിത്യം, അസാമാന്യ വിജ്ഞാനം, അന്യര്‍ക്കില്ലാത്ത ശക്തി-ബുദ്ധി വൈഭവങ്ങള്‍, കലാസാഹിത്യാദി മേഖലയിലെ പ്രാവീണ്യങ്ങള്‍ എന്നിങ്ങനെ പലതും ഇതിന് മാനദണ്ഡങ്ങളാണ്. അവരില്‍ത്തന്നെ അസാധാരണരുണ്ടാകുമ്പോള്‍ അവരെയാണ് നാം അതുല്യ പ്രതിഭകളായി വിശേഷിപ്പിക്കുന്നത്. എം.എ. കൃഷ്ണന്‍, അഥവാ എംഎസാര്‍ ഈ അതുല്യ പ്രതിഭകളിലൊരാളാകുന്നത് മൂന്നു കാരണങ്ങളാലാണ്: ഒന്ന്- നിസ്തന്ദ്രമായ, മടുപ്പില്ലാത്ത പ്രയത്നം. രണ്ട്- ദൃഢനിശ്ചയമുള്ള സംഘ-സംഘനാ ബോധം. മൂന്ന്- ദീര്‍ഘവീക്ഷണമെന്ന ക്രാന്ത ദര്‍ശിത്വം. ഇതു മൂന്നും നിരന്ത സാധനാജീവിതംകൊണ്ട് അദ്ദേഹം നേടിയതുമാണ്.
ആദ്യം പറഞ്ഞ മടുപ്പില്ലാത്ത പ്രവര്‍ത്തന ഗുണം അദ്ദേഹത്തെ സ്ഥിരാന്വേഷിയാക്കി. അതിലൂടെ എത്തിച്ചേരാത്ത മേഖലയില്ലെന്നായി. എന്തിനെക്കുറിച്ചും വിവരം, ആഴത്തില്‍ ജ്ഞാനം, ആര്‍ക്കും തോന്നാത്ത വിശേഷ വീക്ഷണം അങ്ങനെ അദ്ദേഹം നേടി. നാട്ടിന്‍പുറത്തുനിന്ന് നഗരത്തിലെത്തി സംസ്‌കൃതം പഠിക്കാനിറങ്ങി, സ്‌കൂള്‍ അധ്യാപകനായി, അത് മതിയാക്കി സംഘപ്രവര്‍ത്തനത്തിന് ആര്‍എസ്എസ്സിന്റെ പൂര്‍ണ സമയപ്രവര്‍ത്തകനായ എം.എ. കൃഷ്ണന് ഒരു ഘട്ടത്തില്‍ ജീവിതത്തിന്റെതന്നെ വഴിമുടക്കിയ രോഗത്തിനുമേല്‍ നേടിയ വിജയം ഒന്നിലും തോല്‍ക്കാതിരിക്കാനുള്ള ശീലം നല്‍കി. അങ്ങനെയാകണം തീരുമാനിക്കുന്നതും ചെയ്യുന്നതും വിജയിപ്പിക്കാനുള്ള കഴിവും പ്രതിഭയും കിട്ടിയത്. ദീര്‍ഘവീക്ഷണമെന്ന വൈഭവം കൈമുതലായത്, നിര്‍ണായക ഘട്ടത്തില്‍ ഒരു ബൃഹദ് സംഘടനയ്‌ക്കുവേണ്ടി സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവന്നപ്പോള്‍ ശീലിച്ച സൂക്ഷ്മ നിരീക്ഷണവും കാലാതിവര്‍ത്തിയായിരിക്കണം തീരുമാനങ്ങള്‍ എന്ന നിശ്ചയ ദാര്‍ഢ്യവും സമ്മാനിച്ചതായിരിക്കണം.
ഇത്രയൊക്കെ വിശേഷിപ്പിക്കുന്ന ഒരാള്‍ എവിടെയിരിക്കുന്നു, എവിടെ ഇരുന്നു, എന്തുകൊണ്ട് മറഞ്ഞിരുന്നു, ഇരിക്കുന്നുവെന്ന് ആര്‍എസ്എസ് എന്ന സംഘടനയുടെ ഘടനയും പ്രവര്‍ത്തന പദ്ധതിയും സമ്പ്രദായവും അടുത്തറിയാത്തവര്‍ക്ക് സംശയമായിവരാം. ആര്‍എസ്എസ്സിന്റെ ആദ്യകാല പ്രവര്‍ത്തകരും നേതൃനിരയും മാത്രമല്ല, ഇന്നത്തെ പ്രധാനപ്രവര്‍ത്തകര്‍ പലരും പോലും അങ്ങനെയാണ്. പ്രശസ്തിപരാങ്മുഖത എന്ന ശൈലിതന്നെ് കാരണം. അവര്‍ പൊതുഇടങ്ങളില്‍ സ്വയം പ്രദര്‍ശനത്തിനുണ്ടാകാറില്ല, അവരെ പ്രശംസിച്ചും പ്രഘോഷിച്ചും പ്രദര്‍ശിപ്പിക്കാന്‍ ആരും ശ്രമിക്കാറുമില്ല. പക്ഷേ അവരവരുടെ ദൗത്യങ്ങളെക്കുറിച്ച് ബോധമുള്ള അവര്‍ അത് പവിത്ര യജ്ഞമായി ചെയ്തുകൊണ്ടേയിരിക്കും. അവര്‍ ആദ്യം പറഞ്ഞതുപോലെ പ്രേരണയും ഊര്‍ജ്ജവും നല്‍കിക്കൊണ്ടിരിക്കും. അവര്‍ സൂക്ഷ്മസുഷുമ്ന പേറുന്ന നട്ടെല്ലുകളാണ്, മറഞ്ഞേയിരിക്കൂ, പക്ഷേ സകലതും അവരിലൂടെയായിരിക്കും. ‘സൂത്രേമണിഗണാഃ ഇവ’ എന്നപോലെ യോജകരായി, രത്‌നമാലയിലെ ചരടുപോലെ കാണപ്പെടാതെ സര്‍വം നിയന്ത്രിച്ച് അങ്ങനെ ഉണ്ടാവും.
എംഎ സാറിന്റെ മൂന്നു പ്രത്യേകതകള്‍ പറഞ്ഞതിനെ സവിസ്തരം സ്ഥാപിക്കാന്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍ അറിയുകയും പഠിക്കുകയും ചെയ്യുകയാണ് വഴി. മഹാത്മാ ഗാന്ധിയെക്കുറിച്ച് ‘എന്റെ ഗുരുനാഥന്‍’ എന്ന കവിതാഖണ്ഡത്തില്‍ ഒന്നിന്റെ അവസാനം മഹാകവി വള്ളത്തോള്‍ ഗാന്ധിജിയെ വിശേഷിപ്പിച്ച് വര്‍ണ്ണിച്ച് ഒടുവില്‍ ഇങ്ങനെ എഴുതുന്നു: ‘… ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തില്‍ അല്ലായ്‌കിലവിടുത്തെ ചരിത്രം വായിക്കുവിന്‍’ എന്ന്. 94 വയസ്സായി എംഎ സാറിന്. ബഹുലക്ഷക്കണക്കിന് പേര്‍ക്ക് പലതരത്തില്‍ ‘ഗുരുനാഥനായ’ (സാര്‍) അദ്ദേഹത്തെ ‘നികടത്തില്‍ ചെന്നുകാണാന്‍’ കഴിയാത്തവര്‍ക്ക് അദ്ദേഹത്തിന്റെ ‘ചരിത്രം വായിക്കാന്‍’ ലഭിക്കുന്ന മികച്ച അവസരവും അനുഭവവുമാണ് മൂന്ന് പുസ്തകങ്ങള്‍- ഗോകുല ദര്‍ശനം, കേരള ദര്‍ശനം, കേസരിമുദ്രകള്‍ എന്നിവ.
ഇതിലൊന്നും ജീവചരിത്രമല്ല, ആത്മകഥയുമല്ല. ആത്മകഥയും ജീവചരിത്രവും എത്രയൊക്കെ നിര്‍മമതയോടെ എഴുതിയാലും പക്ഷം പിടിച്ചുള്ളതായിത്തീരും. അങ്ങനെയല്ലാതെ, കര്‍ത്താവിന്റെ ചെയ്തികള്‍ മാത്രം അവതിപ്പിച്ച്, അവയുടെ പ്രസക്തിയും മൂല്യവും വായനക്കാരന് വിലയിരുത്താന്‍ അവസരം നല്‍കുകയാണ് ഈ പുസ്തകങ്ങള്‍. എംഎ സാര്‍ ആറുപതിറ്റാണ്ട് എഴുതിയ ലേഖനങ്ങള്‍, കുറിപ്പുകള്‍, അഭിപ്രായങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവയുടെ സമാഹരണമാണ് മൂന്നു പുസ്തകത്തിലും.
ലേഖനം എഴുതിയ കാലം ഓരോന്നിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രാക്ഷരങ്ങളില്‍ കൈകാര്യം ചെയ്ത വിഷയം, അതത് വിഷയങ്ങളില്‍ അക്കാലത്തെടുത്ത നിലപാട്, പില്‍ക്കാലത്ത് സംഭവിക്കാന്‍ പോകുന്നത് എന്തെന്ന നിരീക്ഷണം, എന്നിങ്ങനെ ഓരോ ലേഖനവും സംസാരിക്കുന്നത് ചരിത്രമാണ്, കാലമാണ്, അവ കുറിച്ച ആളിന്റെ വ്യക്തിത്വമാണ്, പ്രതിഭയാണ്.
എം.എ. കൃഷ്ണന്‍ അധ്യാപകനായിരുന്നു, സംഘാടകനായിരുന്നു, ആര്‍എസ്എസ് പ്രചാരകനായിരുന്നു, കേസരി പത്രാധിപരായിരുന്നു, അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ സംഘടന നയിച്ചയാളാണ്, തപസ്യ എന്ന സാംസ്‌കാരിക സംഘടനയുടെ രൂപീകരണത്തിന് സാംസ്‌കാരിക പ്രവര്‍ത്തകരെ ഏകോപിപ്പിച്ചയാളാണ്, ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലഗോകുലം സങ്കല്‍പ്പിച്ച്, സംഘടിപ്പിച്ച്, സാര്‍ത്ഥകമാക്കിയ ആളാണ്. എംഎ സാര്‍ കുറിച്ച, പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്തിയെടുക്കുന്നതുതന്നെ സാഹസികതയാണ്. അതില്‍നിന്ന് ചിലത് മാത്രം തിരഞ്ഞെടുക്കുക അതിസാഹസികതയും. അവയെ ഇനംതിരിച്ച്, പൊതു സ്വഭാവമുള്ളവയെ ഒന്നാക്കി, ഭദ്രമാക്കി, പിന്നെ മൂന്നാക്കി അവതരിപ്പിച്ചിരിക്കുന്ന ശരത്ത് എടത്തില്‍ ചെയ്ത കര്‍മ്മം ഹരിനാമ കീര്‍ത്തനവും ജ്ഞാനപ്പാനയും ഓര്‍മ്മിപ്പിക്കുന്നതാണ്. ‘ഒന്നായതിനെ രണ്ടെന്ന് കല്‍പ്പിച്ചു’ എന്ന് എഴുത്തച്ഛനും ‘മൂന്നുകൊണ്ട് ചമച്ച വിശ്വത്തിലെ മൂന്നായിട്ടുള്ള കര്‍മ്മങ്ങള്‍…’ എന്ന് പൂന്താനവും പാടിയത് വ്യാഖ്യാനിക്കുന്നതുപോലെ സങ്കീര്‍ണമായ വൃത്തി.
ഈ പുസ്തകങ്ങള്‍ കേരളത്തിന്, മലയാളത്തിന് സ്വത്താണ്. എഴുത്തിലെ കണിശത, നിലപാടിലെ ദൃഢത, ഭാഷാ ശൈലിയിലെ ലാളിത്യം-ഇവയ്‌ക്ക് ഉദാഹരണവുമാണ് മൂന്നു പുസ്തകങ്ങളും.
മൂന്നിനും അവതാരികകളുണ്ട്; അതു മൂന്നും മൂന്നിലെ ‘മറ്റൊരു മൂന്നാണ്’; പൂവിനുള്ളിലെ പൂവ് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടില്ല എന്ന ആക്ഷേപം കാളിദാസന്‍ മാറ്റിയതുപോലെയാണിത്- ആര്‍. ഹരി, ജെ. നന്ദകുമാര്‍, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ അവതാരികകള്‍വഴി എം.എ. കൃഷ്ണന്‍ കുറഞ്ഞ വാക്കുകളിലൂടെ അവതീര്‍ണനാകുന്നു. ഈ പുസ്തകങ്ങള്‍ സ്വന്തമാക്കുമ്പോള്‍ നിങ്ങള്‍ അക്ഷരങ്ങളിലൂടെ ധനികനാകുന്നു, വായിക്കുമ്പോള്‍ സാംസ്‌കാരിക സമ്പന്നനാകുന്നു. ഇത്തരം ധാരാളം വ്യക്തികള്‍, അവരുടെ ചെയ്തികള്‍ പരസ്യപ്പെടേണ്ടതായുണ്ടെന്ന് ശരത്ത് എടത്തിലിനെപ്പോലെ ഏറെപ്പേര്‍ ആ ദൗത്യം നിര്‍വഹിക്കട്ടെ എന്നാശിക്കുന്നു.
ഒരു കുറവ്, അല്ല, നിര്‍ദേശം അറിയിക്കാതെ വയ്യ. ഇത്തരം പുസ്തകങ്ങളുടെ ഈട് ഉള്‍ക്കനം കൊണ്ടുമാത്രമല്ല അളക്കപ്പെടുന്നത്. സാങ്കേതികവിദ്യയൊക്കെ ഏറെ മാറിയ കാലത്ത് അച്ചടിയുടെ ശൈലിക്ക് പുസ്തകം വായിപ്പിക്കാനും വാങ്ങിപ്പിക്കാനും ഒട്ടേറെ ചെയ്യാനുണ്ട്, നിര്‍മാണ ഘട്ടത്തില്‍; അതും കാലം ആവശ്യപ്പെടുന്നുണ്ട്.
















