കൊച്ചി: പള്‍സര്‍ സുനി മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന് വേണ്ടിയല്ലെന്നും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാനായിരുന്നുവെന്നും പോലീസ്. സുനിയെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസിന് ഇക്കാര്യം ബോധ്യപ്പെട്ടത്. പദ്ധതി ആസൂത്രണം ചെയ്തത് സുനി ഒറ്റയ്‌ക്കാണെന്നും പോലീസ് പറയുന്നു.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടെംബോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പള്‍സര്‍ സുനി പദ്ധതി തയാറാക്കിയത്.
എന്നാല്‍ പ്രതീക്ഷിച്ച യുവനടി ട്രെയിനില്‍ ആ ദിവസം എത്തിയില്ല. അതേസമയം ട്രെയിനില്‍ വന്നിറങ്ങിയ പഴയകാല നടിയെ ഹോട്ടലിലേക്ക് എത്തിക്കുന്നതിനായി പുറപ്പെടുകയും വഴിതിരിച്ചുവിട്ടത് കണ്ട് നടി ഭര്‍ത്താവിനെ വിളിച്ചതോടെ പദ്ധതി പാളുകയുമായിരുന്നു.
പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചത്. ഈ കേസില്‍ അറസ്റ്റിലായ നാല് പ്രതികളേയും സുനിയേയും ഒന്നിച്ചിരുത്തി പോലീസ് അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും.
















